പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ , ജീവിച്ചിരിക്കുന്നവർക്ക് ഹൃദയത്തിൻറെ പാതി മുറിഞ്ഞുപോകുകയാണ് ചെയ്യുക, പലപ്പോഴും . നഷ്ടം ജീവനോടെയും അല്ലാതെയുമാകാം. അകലെ നിൽക്കുന്ന മനസുകളുടെ പരിഭവങ്ങൾ പറഞ്ഞില്ലാതാക്കാം, എന്നാൽ ഒരിക്കൽ തിരിച്ചെത്തും എന്ന പ്രതീക്ഷ പോലുമില്ലാതെയാണ് മരണം വേർപാടുകൾക്ക് അവസാന വരിയെഴുതിയിടുക. അതിൽ പകച്ചുപോകുന്നവരുണ്ടാകാം, ഉറ്റവരില്ലാതെ നാളെ പുലരിയിലേക്ക് കണ്ണ് തുറക്കുന്നതെങ്ങനെയെന്ന് ഭയപ്പെട്ട് നിൽക്കുന്നവരുണ്ടാകാം, മരണത്തെ അനുഗമിക്കണമെന്ന് സ്വയം തോന്നുന്നവരുണ്ടാകാം. അങ്ങനെയുള്ള പല മുഖങ്ങളാണ് ,പല തേങ്ങലുകളും ഉള്ളിലെ വിങ്ങലുകളുമാണ് ഓരോ മരണ വീടുകളും.ആ ഇടത്തേക്കാണ് ആഘോഷങ്ങളാണ് ഓരോ കണ്ണുനീർത്തുള്ളിയുമെന്ന് തമ്പ് നെയിലും വീഡിയോയും അപ് ലോഡ് ചെയ്യാൻ മൊബൈൽ ക്യാമറകളുമായി ഓൺലൈൻ പാപ്പരാസി കൂട്ടങ്ങൾ ഇടിച്ചുകയറുന്നത് .ആത്മാവുണ്ടോ ഇല്ലയോ എന്ന് ആർക്കും അറിയില്ല .പക്ഷെ എല്ലാ മതങ്ങളുടേയും സംസ്കാരചടങ്ങുകൾ ആത്മാക്കൾക്കുള്ള യാത്രയയപ്പുകളാണ് എന്നാണ് വിശ്വാസം. ഹിന്ദു പുരാണങ്ങൾ പറയുന്നത് മരണശേഷവും പ്രാണൻ തൻറെ പ്രിയപ്പെട്ടവർക്ക് ചുറ്റും കുറച്ചുനാൾ കൂടി അദൃശ്യമായി അലഞ്ഞുതിരിയുമെന്നാണ്. ആത്മാവ് അതിൻറെ ഭൗതികമായ എല്ലാ വികാരങ്ങളോടും വേദനയോടും കൂടി തൻറെ പ്രിയപ്പെട്ടവരുടെ കരച്ചിലും സങ്കടങ്ങളും കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം. അങ്ങനെയെങ്കിൽ വിശ്വസിക്കുന്നവർക്ക് ആലോചിക്കാം , ഓരോ മരണവീട്ടിലേയും നിമിഷങ്ങളിൽ നിറഞ്ഞുതുളുമ്പുന്നത് പ്രിയപ്പെട്ടവരുടെ ആ വിങ്ങലുകളും ആ പ്രാണൻറെ യാത്രയുമാണ് .
മലയാളിയുടെ പ്രിയനടൻ സലീം കുമാറിൻറെ സംസ്കാര ചടങ്ങ് ഈ വിശ്വാസങ്ങളൊന്നുമില്ലാതെ , മതപരമായ ചടങ്ങുകളില്ലാതെയാണ് നടത്തപ്പെട്ടത്, പക്ഷെ അതവസാനിച്ചത് മരണവീട്ടിലെ ഈ വേദനിപ്പിക്കുന്ന ഒളിഞ്ഞുകയറുന്ന അനൗചിത്യത്തെക്കുറിച്ച് മലയാളിയെ വീണ്ടും ഓർമ്മിപ്പിച്ചായിരുന്നു .ശക്തമായ മഴയെപ്പോലും അവഗണിച്ച് ആയിരക്കണക്കിന് ജനങ്ങൾ ലാഫിങ് വില്ലയുടെ മുറ്റത്തേക്ക് ഒഴുകിയെത്തിയ ആ ചടങ്ങ് ഒടുവിൽ നോവായി മാറിയത് ശവമഞ്ചത്തിന് മുകളിലേക്ക് ഒളിക്യാമറ വക്കുന്ന ഹരത്തോടെ മൊബൈൽ ലെൻസുകൾ തുളച്ചുകയറുന്നത് വീണ്ടും എടുത്തുപറഞ്ഞാണ് .സ്വന്തം അച്ഛന്റെ മൃതദേഹത്തിന് മുന്നിൽ നിൽക്കുന്ന മകന് ഒരല്പം സ്വകാര്യത പോലും നൽകാതെ, അവസാന ചുംബനം നൽകാൻ പോലും അനുവദിക്കാതെ, കാവൽ നിൽക്കാൻ വന്ന പൊലീസുകാരുടെ നെഞ്ചിലേക്ക് വരെ മൊബൈൽ ക്യാമറയുമായി ഇടിച്ചു കയറിയ ഓൺലൈൻ അർമാദമായിരുന്നു നടന്നത്. സഹികെട്ട്, ഉള്ളുവിങ്ങി, കണ്ണീരൊഴുക്കിക്കൊണ്ട് സലിം കുമാറിന്റെ മകൻ ചന്തുവിന് പൊട്ടിത്തെറിക്കേണ്ടി വരുമ്പോൾ , സ്വന്തം പിതാവിന്റെ ചിതയെരിയും മുൻപ് ആ മകന് രോഷം കൊള്ളേണ്ടി വന്ന ഈ ദുരവസ്ഥയ്ക്ക് മുന്നിൽ മലയാളി എന്ന സാംസ്‌കാരിക ബോധം തലകുനിക്കുകയാണ്. സ്വന്തം അച്ഛന്റെ ഭൗതികശരീരത്തിന് മുന്നിൽ നിന്ന് നെഞ്ചുപൊട്ടി കരയാൻ പോലും ഒരു മകന് ഇവിടെ അനുവാദമില്ലേ എന്ന ചന്തുവിന്റെ ആ കണ്ണീരിൽ കുതിർന്ന പൊട്ടിത്തെറി ഈ നാടിന്റെ മനസ്സാക്ഷിക്കേറ്റ കനത്ത പ്രഹരമായി മാറി.ഈ ഓൺലൈൻ മാധ്യമപ്രവർത്തനമെന്ന് സ്വയം വിളിക്കപ്പെടുന്നവരുടെ യു എസ് പി വിചിത്രമാണ് .സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ ഉള്ളിലെ അസൂയയും പകയും വിദ്വേഷവുമാണ് മൂലധനം. സലിം കുമാറിനെ കാണാൻ വരുന്ന ഏതെങ്കിലും ഒരു സെലിബ്രിറ്റി കൂളിംഗ് ഗ്ലാസ് വെച്ചാലോ, അബദ്ധത്തിൽ ഒന്ന് ചിരിച്ചാലോ അത് മതി ഇവർക്ക് തംബ്‌നെയിൽ ഉണ്ടാക്കാൻ; തെറിവിളി കൂട്ടങ്ങൾക്ക് മുന്നിലേക്ക് അത് ഇട്ടു കൊടുക്കാൻ!
ദിവസങ്ങൾക്ക് മുൻപ് സൗദി ജയിലിൽ നിന്ന് മോചിതനായി വന്ന റഹീമിന്റെ വീട്ടിലും, വി.ഡി. സതീശൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ഈ കോമാളിക്കൂട്ടത്തെ നിയന്ത്രിക്കാൻ കഷ്ടപ്പെടേണ്ടി വന്ന ദൃശ്യങ്ങളിലും നമ്മൾ കണ്ടത് ഇതേ അരാജകത്വമാണ്. ഒരു കാലത്ത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും, അതായത് പ്രൊഫഷണൽ ന്യൂസ് ചാനലുകളും ഇത്തരം സന്ദർഭങ്ങളിൽ കാണിച്ച ചില അതിരുകടന്ന പെരുമാറ്റങ്ങളുടെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, ആ കടുത്ത വിമർശനങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇന്ന് മുഖ്യധാരാ മാധ്യമങ്ങൾ കൃത്യമായ അതിർവരമ്പുകൾ സൂക്ഷിക്കാൻ പഠിച്ചിട്ടുണ്ട്. മരണവീടുകളിൽ മൈക്കുകൾ ഒരു കോണിൽ മാത്രം ഒതുക്കി വെച്ചും, കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചും അവർ മാന്യത കാണിക്കുന്നുണ്ട്. എന്നാൽ ഈ പറയുന്ന ഓൺലൈൻ പാപ്പരാസികൾക്ക് അങ്ങനെയുള്ള യാതൊരു അതിർവരമ്പുകളുമില്ല! ഇവർ മാധ്യമപ്രവർത്തകരേ അല്ല, ഇവർക്ക് ജേർണലിസവുമായി ബന്ധവുമില്ല. ഈ നാട്ടിൽ എല്ലാ പണിക്കും കൃത്യമായ യോഗ്യതയുണ്ട്. അതിന് അതിന്റേതായ പരീക്ഷകളുമുണ്ട്, സർട്ടിഫിക്കറ്റുമുണ്ട്. നീറ്റ് എഴുതിയാൽ ഡോക്ടറാകുന്നതുപോലെ, കീം എഴുതി എഞ്ചിനീയറാകുന്നതുപോലെ, വക്കീലാകാനും അക്കൗണ്ടന്റാകാനും ഒക്കെ യോഗ്യത വേണം.! എന്നാൽ ഇതൊന്നും വേണ്ടാത്ത ഒരേയൊരു പണിയായി മാറിയിരിക്കുന്നു ഈ നാട്ടിൽ കണ്ടെന്റ് ക്രിയേഷൻ. ആളുകളുടെ സ്വകാര്യതയിലൂടെ കടന്ന് മൊബൈൽ ക്യാമറ വച്ച് ഇക്കിളിപ്പെടുത്തുന്ന കാപ്ഷൻ കൊടുത്ത് വ്യൂസ് എടുക്കാൻ അറിയാമെങ്കിൽ അയാളാണ് ഇന്ന് വിജയിക്കുന്ന ഓൺലൈൻ പാപ്പരാസി. പക്ഷെ അതല്ല മാധ്യമപ്രവർത്തനം. മൊബൈലുമായി എവിടെയും വലിഞ്ഞുകയറുന്ന സകലരെയും നമ്മൾ ഓൺലൈൻ മീഡിയ എന്ന് വിളിച്ച് ആദരിക്കുന്നതിലാണ് അപകടം. ഇത് യഥാർത്ഥ മാധ്യമപ്രവർത്തകർക്ക് ഉണ്ടാക്കുന്ന അപമാനം ചെറുതല്ല.
അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ചെയ്യുന്നത് പോലെ, യഥാർത്ഥ മാധ്യമങ്ങളെയും ഇത്തരം യൂട്യൂബ് ചാനലുകളെയും നിയമപരമായി വേർതിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദേശങ്ങളിലെപ്പോലെ പോലീസ് കൃത്യമായി ഒരു പരിധി നിശ്ചയിച്ച് റിബ്ബൺ കെട്ടണം . ആ റിബ്ബൺ കടന്ന് ക്യാമറയുമായി വരുന്നവനെതിരെ കേസും ശക്തമായ നിയമനടപടിയും ഉണ്ടാകണം. സർക്കാർ അംഗീകരിച്ച ഔദ്യോഗിക മാധ്യമ സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കണം പൊതുപരിപാടികളിലും ഇത്തരം ചടങ്ങുകളിലും പ്രവേശനം നൽകേണ്ടത്.യൂട്യൂബ് ഡോളറുകൾക്ക് വേണ്ടി മനുഷ്യന്റെ സങ്കടങ്ങളെയും ശവമഞ്ചങ്ങളെയും ചരക്കാക്കുന്ന ഈ കച്ചവടം ഇനി ഈ മണ്ണിൽ ചെലവാകില്ല എന്ന് ഉറക്കെ പറയാൻ ഒരു നാടിന് ഇനിയും കഴിയണം . ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഐടി ആക്റ്റിലെ സെക്ഷൻ 66E പ്രകാരം 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ് എന്ന് കേരള പൊലീസ് ഇപ്പോൾ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞിട്ടുണ്ട്.
മാറ്റം തുടങ്ങേണ്ടത് നമ്മളിൽ നിന്നാണ്.വെറും പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം യൂട്യൂബ് കുയിലുകളെ കൂട്ടുപിടിക്കുന്ന രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ആദ്യം ഇവരെ പടിയടച്ച് പിരിച്ചുവിടാൻ തയ്യാറാകണം. അതിലുപരി ആദ്യം തിരുത്തേണ്ടത് നമ്മൾ തന്നെയാണ്. ഇത്തരം തരംതാണ കണ്ടെന്റുകൾ കണ്ട് കൈയടിക്കുന്ന വായനക്കാരനും പ്രേക്ഷകനും ഇല്ലാതാകുന്ന കാലം വരെ ഇവർ നമ്മളെ ഞെട്ടിക്കാൻ വേണ്ടി ശവക്കല്ലറകൾ വരെ തോണ്ടിക്കൊണ്ടേയിരിക്കും.മാന്യമായി തൊഴിലെടുക്കുന്ന യഥാർത്ഥ മാധ്യമപ്രവർത്തകരേയും, ഈ ക്ലിക്ക് ബെൈറ്റ് കോമാളികളെയും കൃത്യമായി വേർതിരിച്ച്, മാധ്യമ ലോകത്തിന് തന്നെ അപമാനമുണ്ടാക്കുന്ന ഈ യൂട്യൂബ് വേട്ടക്കാരെ പടിയടച്ച് പിണ്ഡം വെക്കാൻ സമൂഹവും വാർത്താ ലോകവും ഒന്നിച്ച് ഇറങ്ങിയേ മതിയാകൂ. ചന്തുവിന്റെ കണ്ണീരിൽ എരിഞ്ഞ ആ രോഷം കേരളത്തിൻ്റെ ഡിജിറ്റൽ സംസ്കാരത്തെ തിരുത്താനുള്ള ഒരു തുടക്കമാകട്ടെ.
