കാലടി സംസ്കൃത സർവകലാശാലയിൽ നാടകീയ രംഗങ്ങൾ. വിരമിക്കുന്ന ദിവസം പ്രൊഫസറായ ഡോ.ലിസി മാത്യുവിനെതിരെ നടപടി സ്വീകരിക്കാനുള്ള വിസിയുടെ നീക്കത്തിനെതിരെ അധ്യാപക പ്രതിഷേധം. അനുമതിയില്ലാതെ പുസ്തക പ്രകാശനത്തിന് ശ്രമിച്ചെന്നും തോറ്റ വിദ്യാർഥിയെ ജയിപ്പിച്ചെന്നും ആരോപിച്ച് ലിസി മാത്യുവിന് വിസി ചാർജ് ഷീറ്റ് നൽകിയിരുന്നു.
ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതിലും തോറ്റ വിദ്യാർഥിയെ വിജയിപ്പിച്ചതിലും വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്കൃത സർവകലാശാല സീനിയർ പ്രൊഫസർ ഡോ.ലിസി മാത്യുവിന് വൈസ് ചാൻസലർ സിസ തോമസ് ചാർജ് മെമ്മോ നൽകിയത്. എന്നാൽ ഇത് രണ്ടിലും തനിക്ക് പങ്കില്ലെന്നും വ്യക്തിപരമായി വേട്ടയാടുന്നതിന് പിന്നിൽ എന്താണ് കാരണമെന്ന് അറിയില്ലെന്നും പ്രൊഫസർ ഡോ.ലിസി മാത്യു പറയുന്നു. 31 വർഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞുപോകുമ്പോൾ ലഭിച്ച പ്രതിഫലം ഇതാണെന്നും ലിസി മാത്യു പറഞ്ഞു.
സിസി തോമസ് വിസിയായ ശേഷം നടക്കുന്നത് ഭരണകൂട ഭീകരതയാണ്. ഇഷ്ടമില്ലാത്തവരെ തകർക്കാനാണ് ശ്രമം. സ്ഥിരം വിസി സ്ഥാനത്തേക്ക് വരാൻ തനിക്ക് യോഗ്യതയുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടാകണം, തന്നെ ഉന്നം വെക്കുന്നത് എന്നും പ്രൊഫസർ ഡോ.ലിസി മാത്യു ചൂണ്ടിക്കാട്ടി.
വിരമിക്കുന്ന ദിവസം തന്നെ പ്രൊഫസർക്കെതിരെ നടപടി സ്വീകരിക്കാനുള്ള വിസിയുടെ നീക്കത്തിൽ അധ്യാപക കൂട്ടായ്മയും പ്രതിഷേധിച്ചു. സർവകലാശാല ക്യാംപസിൽ അധ്യാപകർ പ്രകടനം നടത്തി.
