വൈറ്റ് കോളർ ലഹരിപാർട്ടി അന്വേഷണത്തിന്റെ തുടർച്ചയായി കൊച്ചിയിലെ പ്രധാന ലഹരിശൃംഖലയെ തകർത്ത് സിറ്റി ഡാൻസാഫ്. ഒരാഴ്ചയ്ക്കിടെ കൊച്ചിയിലെ മൂന്ന് പ്രധാന ലഹരി വിതരണക്കാരാണ് പിടിയിലായത്. വൈറ്റ് കോളർ ലഹരിപാർട്ടിയുടെ കിംഗ്പിൻ കെവിനിൽ നിന്ന് ലഹരിവാങ്ങിയായിരുന്നു പിടിയിലായവരുടെ ഇടപാടുകൾ.
കഴിഞ്ഞ മാസം കടവന്ത്ര റാഡിസൺ ബ്ല്യൂ ഹോട്ടലിലെ ലഹരിവേട്ടയാണ് കൊച്ചിയിലെ പ്രധാന ലഹരിശൃംഖലയെ തകർക്കുന്നതിൽ നിർണായകമായത്. ഡോക്ടർമാരും അഭിഭാഷകരും ഉൾപ്പെടെ അന്ന് പിടിയിലായ എട്ട് പേരിൽ നിന്ന് ലഭിച്ച വിവരങ്ങളെ പിന്തുടർന്നായിരുന്നു അന്വേഷണം. എട്ടംഗ സംഘത്തിന് ലഹരിമരുന്ന് നൽകിയ കെവിനെ ദിവസങ്ങൾക്കകം ഡാൻസാഫ് പിടികൂടി. വിതരണത്തിനായി സൂക്ഷിച്ച ലഹരിമരുന്നും കണ്ടെത്തി. ഓരോ മാസവും അരക്കോടിയുടെ ലഹരിയിടപാടുകളാണ് കെവിൻ നടത്തിയിരുന്നത്. കെവിനിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്ന രണ്ടാം നിരയിലെ ലഹരികച്ചവടക്കാരാണ് പിടിയിലായ ഷമീർ, സിയാദ്, സിദ്ദിഖ് എന്നിവർ. ഷമീർ, സിയാദ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിലും സിദ്ധിഖ് ഇന്നലെയുമാണ് ഡാൻസാഫിന്റെ വലയിൽ കുടുങ്ങിയത്. വിൽപനയ്ക്കായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎയും കണ്ടെത്തി. കെവിൻ നൽകിയ 100 ഗ്രാം എംഡിഎംഎയുടെ ബാക്കിയാണ് പിടികൂടിയത്. കെവിൻ പിടിയിലാകുന്നതിന് മുമ്പ് മൂവർക്കും 100 ഗ്രാമിലേറെ എംഡിഎംഎ വിൽപന നടത്തിയിരുന്നു.
പിടിയിലായ മൂന്നുപേരും ഒരേ റാക്കറ്റിന്റെ കണ്ണികളാണ്. കെവിന് പുറമേ മറ്റ് വിൽപ്പനക്കാരിൽ നിന്നും ഇവർ ലഹരിമരുന്ന് വാങ്ങിയിട്ടുണ്ട്. ഇവരെ കൂടി കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. കെവിന് ലഹരിമരുന്ന് നൽകുന്ന കണ്ണികളെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കെവിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
