കുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾ. ഉദ്യോഗസ്ഥരെ ഇരുവരും ചേർന്ന് തടയുന്ന വീഡിയോ ബിഗ് ടിവിക്ക് ലഭിച്ചു. രണ്ടു വയസ്സുകാരന്റെ മരണവിവരം അറിഞ്ഞിട്ടും മാതാവിന് യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നുവെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി പറഞ്ഞു.
കാർത്തികപ്പള്ളിയിൽ പട്ടിണി കിടന്നു മരിച്ച രണ്ടു വയസ്സുകാരൻ ഉൾപ്പെടെയുള്ള കുഞ്ഞുങ്ങൾ കൃത്യമായി ആഹാരവും പരിചരണവും ലഭിക്കാത്ത അവസ്ഥയിലാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ വന്ന ഉദ്യോഗസ്ഥരെ കുട്ടികളുടെ അമ്മ തടയുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇത്.രാവിലെ വന്ന ഉദ്യോഗസ്ഥർ ഉച്ചവരെ കാത്തിരുന്നുവെങ്കിലും കുട്ടികളെ വിട്ടുകൊടുക്കാൻ ഇരുവരും തയ്യാറായില്ല.ഇതിന് പിന്നാലെയാണ് രണ്ടു വയസ്സുകാരന്റെ മരണം സംഭവിച്ചത്.അന്ന് കുട്ടികളെ വിട്ടുകൊടുത്തിരുന്നുവെങ്കിൽ ആ രണ്ടു വയസ്സുകാരൻ ജീവനോടെ ഇരിക്കുമായിരുന്നു.രണ്ടു വയസ്സുള്ള കുഞ്ഞു മരിച്ചു എന്ന് അമ്മയെ വിവരമറിയിച്ചിട്ടും യാതൊരു ഭാവവ്യത്യാസവും ഇല്ല എന്നാണ് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ബിഗ് ടിവിയോട് പറഞ്ഞത്.കുഞ്ഞുങ്ങളോട് ഒരു അനുകമ്പയും ഇല്ലാത്ത ആളുകളായിരുന്നു അച്ഛനും അമ്മയും.11 വയസ്സുകാരി സഹോദരി ഇല്ലായിരുന്നെങ്കിൽ മറ്റു കുട്ടികളും ഇതിനകം മരിച്ചേനെ. കുട്ടികളെ മാതാപിതാക്കൾ മർദ്ദിക്കാറുണ്ടായിരുന്നതായും ശിശുക്ഷേമ സമിതിയോട് കുട്ടികൾ പറഞ്ഞിട്ടുണ്ട്. കുട്ടികളെ ഒരു കാരണവശാലും ഇനി മാതാപിതാക്കൾക്ക് വിട്ടുനൽകില്ല.നിലവിൽ രണ്ടു വയസ്സുകാരന്റെ മാതാവ് പ്രസവിച്ച നവജാത ശിശുവിനെ ഏറ്റെടുക്കാനുള്ള നടപടിയും ആരംഭിച്ചു.
നിലവിൽ പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പുറമേ കുട്ടികളെ കൃത്യമായി സംരക്ഷിക്കാതിരുന്നതിന് മാതാവിനെയും പിതാവിനെയും പ്രതിയാക്കാനുള്ള സാഹചര്യവും പോലീസിന് ലഭ്യമായിട്ടുണ്ട്.അതിക്രൂരമായ ഒരു ബാല്യത്തിലൂടെയാണ് ആ അഞ്ചു കുഞ്ഞുങ്ങളും കടന്നു പോയിരുന്നത് എന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
