ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരായ സാമ്പത്തിക ചൂഷണ പരാതി ചേവായൂർ പൊലീസ് അന്വേഷിക്കും. കേസിൽ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഷിയാസ് കരീമിനെ ഉടനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം
പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇന്നലെയാണ് ചേവായൂർ പോലീസിന് കൈമാറിയത്. പരാതിൽ ഉന്നയിക്കുന്ന കാര്യങ്ങൾ നടന്നത് ചേവായൂർ സ്റ്റേഷൻ പരിധിയിൽ ആയതിനാലാണ് കേസ് അന്വേഷണം മാറ്റിയത്. സംഭവത്തിൽ ചേവായൂർ പൊലീസ് കേസ് റീ രജിസ്റ്റർ ചെയ്തു. ഇന്ന് പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പിന്നാലെ ഷിയാസ് കരീമിന് നോട്ടീസ് നൽകാനാണ് തീരുമാനം. പരാതിയിലെ സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ബാങ്ക് സ്റ്റേറ്റ്മെന്റുകളും രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പണമായി കൈമാറിയ തുകയുടെ വിവരങ്ങളും പൊലീസിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. കൂടാതെ ഷിയാസും യുവതിയും തമ്മിലുള്ള ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
യുവതിയിൽ നിന്ന് ഷിയാസ് പണം ആവശ്യപ്പെടുന്ന പണം ശബ്ദ സന്ദേശം പുറത്തുവന്നതോടെ കള്ളപ്പരാതി എന്ന ഷിയാസിന്റെ വാദം പൂർണമായി പൊളിഞ്ഞു. പണത്തിന് പകരമായി ഷിയാസിനൊപ്പമുള്ള ജീവിതമാണ് യുവതിക്ക് വാഗ്ദാനമായി നൽകിയത്. കേസിലെ പുതിയ വെളിപ്പെടുത്തലുകളിൽ പ്രതികരിക്കാൻ ഷിയാസ് ഇതുവരെ തയ്യാറായിട്ടില്ല
