പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതി വിധിച്ച ശിക്ഷ സസ്പെൻഡ് ചെയ്താണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
അപ്പീലിൽ പ്രതിഭാഗം ഉന്നയിച്ച വാദങ്ങൾ തള്ളിക്കളയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളും കൂട്ടിച്ചേർക്കലുകളും, സംഭവസ്ഥലത്തെക്കുറിച്ചുള്ള മൊഴിയിലെ പൊരുത്തക്കേടുകളും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ തെളിവുകളിലും പുനഃപരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്നും കോടതി വിലയിരുത്തി.
കർശന വ്യവസ്ഥകളോടെയാണ് ജാമ്യം. പെൺകുട്ടി താമസിക്കുന്ന റവന്യൂ ജില്ലയിൽ പ്രവേശിക്കരുത്, പെൺകുട്ടിയെയോ ബന്ധുക്കളെയോ ബന്ധപ്പെടരുത്, കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലോ സമൂഹമാധ്യമങ്ങളിലോ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളാണ് കോടതി ഏർപ്പെടുത്തിയിരിക്കുന്നത്.
