കൊച്ചി മെട്രോയുടെ പേര് മാറ്റുമെന്ന വാർത്ത തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്ന് കെഎംആർഎൽ. കൊച്ചി മെട്രോ എന്ന പേര് മാറ്റാനുള്ള നിർദേശമല്ല സർക്കാരിന് മുന്നിലുള്ളതെന്ന് കെഎംആർഎൽ വ്യക്തമാക്കി.കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന കമ്പനിയുടെ പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്നാക്കി മാറ്റാനുള്ള നിർദേശമാണ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. അതേസമയം കൊച്ചി മെട്രോ സർവീസ് പഴയ പേരിൽ തന്നെ തുടരും.
സംസ്ഥാനത്ത് ഭാവിയിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ മെട്രോ പദ്ധതികൾ ആരംഭിച്ചാലും അവ അതത് നഗരങ്ങളുടെ പേരിൽ തന്നെയാകും അറിയപ്പെടുക. വിവിധ മെട്രോ പദ്ധതികളെ ഒരു കമ്പനിയുടെ കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പേര് മാറ്റാൻ നിർദേശിച്ചതെന്നും കെഎംആർഎൽ വിശദീകരിച്ചു.മറ്റ് സംസ്ഥാനങ്ങളിലെ മാതൃക പിന്തുടർന്നാണ് നിർദേശം. എന്നാൽ സർക്കാരിന്റെ പൂർണ അംഗീകാരത്തിന് ശേഷമേ കമ്പനി പേര് മാറ്റം നടപ്പാക്കുകയുള്ളൂ.
