ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി. എസ്.ഐ.ടി വാദങ്ങൾ അംഗീകരിച്ചാണ് കൊല്ലം വിജിലൻസ് കോടതിയുടെ നടപടി. അതേസമയം, ആരോഗ്യസ്ഥിതി പരിഗണിച്ച് മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് കോടതി ജാമ്യം അനുവദിച്ചു.
2019ലെ സ്വർണക്കൊള്ള മറച്ചുവെക്കാൻ 2025ൽ വീണ്ടും സ്വർണം പൂശുന്നതിനായി പാളികൾ കൈമാറിയെന്നാണ് പി.എസ്. പ്രശാന്തിനും എ. അജികുമാറിനുമെതിരായ എസ്.ഐ.ടി ആരോപണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും ശബരിമലയിൽ നിന്ന് പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൈമാറാൻ നടത്തിയ ഇടപെടലുകളും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.
അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ഇരുവരുടെയും വാദം. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം സംബന്ധിച്ച എസ്.ഐ.ടി കണ്ടെത്തലുകൾ പ്രതികൾക്ക് തള്ളിക്കളയാനായില്ലെന്ന് കോടതി വിലയിരുത്തി.രണ്ടുദിവസം നീണ്ട വാദത്തിനൊടുവിലാണ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ചികിത്സയിൽ തുടരുന്ന സാഹചര്യം പരിഗണിച്ചാണ് എ. അജികുമാറിന് ജാമ്യം നൽകിയത്.
