അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ വിദ്യാർത്ഥി നിധിന്‍ രാജിന്റെ മരണത്തിൽ മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയെ സമീപിച്ചു. നിധിനെ പീഡിപ്പിക്കാനും, വേട്ടയാടാനും, തനിക്ക് മുന്‍വൈരാഗ്യം ഇല്ലെന്നാണ് ഡോ. റാമിന്റെ വാദം. ലോണ്‍ ആപ്പ് വായ്പ വിഷയവുമായി നിധിനെ അധ്യാപകർ ചോദ്യം ചെയ്ത സംഭവത്തിൽ തനിക്ക് ബന്ധമില്ല. നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ല എന്നും ഡോ. റാം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുണ്ട്.
മറ്റ് ചില കേസ് കാരണം കോളജിൽ നിന്ന് നിധിൻ രാജിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഫോറൻസിക് പരിശോധന റിപ്പോർട്ട് പൂർണമായി ലഭിച്ച ശേഷം അത്തരം വസ്തുതകളിലേക്ക് കൂടി അന്വേഷണം പോകണം. സ്വയ രക്ഷയ്ക്ക് വേണ്ടി തന്നെ പ്രതിയാക്കാൻ മറ്റു ചിലർ ശ്രമിക്കുന്നു എന്നും റാം ചൂണ്ടിക്കാട്ടുന്നുണ്ട്.
അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയാറാണ് എന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ല എന്നും റാം ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്. കേസിലെ മുഖ്യ പ്രതിയായ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മെയ് അഞ്ചിന് പരിഗണിക്കും.
