മലപ്പുറം കരുവാരക്കുണ്ട് കൽക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. മുള്ളറ സ്വദേശി ജംഷീറാണ് മരിച്ചത്. ടാപ്പിംഗിനിടയിലല്ല സംഭവമെന്നും വനമേഖലയോട് ചേർന്ന സ്ഥലത്ത് ജംഷീർ എന്തിന് എത്തിയെന്നതിൽ ദുരൂഹത ഉണ്ടെന്നുമാണ് വനം വകുപ്പ് നൽകുന്ന വിവരം.
പുലർച്ചെ മണലിയം പാടത്ത് വെച്ചാണ് ജംഷീറിന് കാട്ടാന ആക്രമിച്ചത്. തന്നെ കാട്ടാന ആക്രമിച്ചു എന്ന് ജംഷീർ തന്നെയാണ് സുഹൃത്തുക്കളെ മൊബൈൽ ഫോണിൽ വിളിച്ചറിയിച്ചത്. തുടർന്ന് സുഹൃത്തുക്കൾ സ്ഥലത്തെത്തി ജംഷീറിനെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
ജംഷീറിനോപ്പം മറ്റ് രണ്ട് പേർ കൂടി സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വനം വകുപ്പ് പറയുന്നത്. കാട്ടാനയുടെ ആക്രമണം ഉണ്ടായതോടെ ഇവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. എന്തിനാണ് മൂവരും ഈ മേഖലയിൽ എത്തിയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് നിലമ്പൂർ സൗത്ത് ഡി എഫ് ഒ പറഞ്ഞു. ആശുപത്രിയിൽ എത്തിയ ഡി എഫ് ഒ യ്ക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. സംഭവത്തിൽ പോലീസും അന്വേഷണം നടത്തുന്നുണ്ട്
