സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണവുമായി കെഎസ്ഇബി. വൈദ്യുതി മുടങ്ങുന്നത് മുൻകൂറായി കെഎസ്ഇബി ഉപഭോക്താക്കൾക്ക് എസ്എംഎസ് സന്ദേശം അയക്കും. രാത്രി നിശ്ചിത സമയത്ത് പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിൽ വൈദ്യുതി മുങ്ങിയേക്കാം എന്നാണ് എസ്എംഎസ്. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി മുടക്കും.
ലോഡ് ഷെഡിങ് എന്നതിന് പകരം ലോഡ് റസ്ട്രിക്ഷൻ എന്ന പേരിൽ മുന്നറിയിപ്പില്ലാതെ ദിവസങ്ങൾക്ക് മുന്നേ തന്നെ ഫീഡറുകൾ ഓഫ് ചെയ്ത് വൈദ്യുതി നിയന്ത്രിക്കാൻ തുടങ്ങിയിരുന്നു. വൈദ്യുതി ഉപയോഗം വർധിച്ചതോടെ വിതരണം തടസപ്പെടാതിരിക്കാനാണ് അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ തുടരെയുള്ള വൈദ്യുതി നിയന്ത്രണം വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് ഇടവച്ചു. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കളെ അറിയിച്ചുകൊണ്ട് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിലേക്ക് കെഎസ്ഇബി കടക്കുന്നത്.
വേനൽ മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ വലിയ പ്രതിസന്ധി വരുമെന്ന് നേരത്തെ തന്നെ കെഎസ്ഇബി സൂചിപ്പിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാനും നിലവിലെ പ്രതിഷേധങ്ങളെ തണുപ്പിക്കാനുമാണ് കെഎസ്ഇബി പ്രഖ്യാപിത വൈദ്യുതി നിയന്ത്രണമുണ്ടെന്ന് സമ്മതിക്കുന്നത്. എന്നാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അനുമതി കിട്ടിയതോടെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന വാദത്തിലാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.
