കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിയിൽ നിർണായക ദിനം. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു ഐഎഎസ് സമർപ്പിച്ച പുതിയ മാപ്പപേക്ഷയും തിരുത്തിയ സത്യവാങ്മൂലവും ഹൈക്കോടതി ഇന്ന് പരിശോധിക്കും.പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ കോടതിക്കെതിരായ പരാമർശങ്ങളിൽ നിർവ്യാജ ഖേദം രേഖപ്പെടുത്തിയാണ് കെ. ബിജു പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. നേരത്തെ നൽകിയ സത്യവാങ്മൂലം മതിയായതല്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി, അത് തിരുത്തി പുതിയത് നൽകാൻ നിർദേശിച്ചിരുന്നു.
കോടതിയെ അവഹേളിക്കാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും സംഭവിച്ച പിഴവ് ക്ഷമിക്കണമെന്നും സത്യവാങ്മൂലത്തിൽ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. മാപ്പപേക്ഷ സ്വീകരിക്കണമോയെന്നും പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ നൽകിയ തിരുത്തിയ അനുമതി ഉത്തരവ് അംഗീകരിക്കാനാകുമോയെന്നും ഹൈക്കോടതി ഇന്ന് തീരുമാനിക്കും.ഇതേ കേസിൽ നേരത്തെ കോടതിയലക്ഷ്യ നടപടി നേരിട്ട മുൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഫിന്റെ മാപ്പപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.
