കാപ്പ നിയമപ്രകാരം കരുതൽ തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതൻ ഇന്ന് രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയെ തുടർന്നാണ് ജയിലിനുള്ളിൽ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നത്.തിരുവനന്തപുരം മേയർക്കും സത്യപ്രതിജ്ഞയ്ക്കാവശ്യമായ ഉദ്യോഗസ്ഥർക്കും വിയ്യൂർ സെൻട്രൽ ജയിലിൽ പ്രവേശിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനും ജയിൽ അധികൃതർക്കും നിർദേശം നൽകിയിരുന്നു.
സത്യപ്രതിജ്ഞയ്ക്കായി കാപ്പ കരുതൽ തടവിൽ ഇളവ് അനുവദിച്ച് പുറത്തുവിടണമെന്നായിരുന്നു ആർ. സുഗതന്റെ ആവശ്യം. എന്നാൽ കാപ്പ നിയമപ്രകാരം കരുതൽ തടവിൽ കഴിയുന്ന ഒരാളെ അതിനായി ജയിലിൽ നിന്ന് പുറത്തുവിടാനാകില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. അതേസമയം, ജനങ്ങൾ നൽകിയ ജനവിധിയെ മാനിക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിലിനുള്ളിൽ തന്നെ സത്യപ്രതിജ്ഞ നടത്താൻ കോടതി അനുമതി നൽകിയത്.
മുന്‍പ് ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ആർ. സുഗതൻ ഉൾപ്പെടെയുള്ള ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമപ്രകാരമുള്ള സത്യവാചകം ചൊല്ലി വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നായിരുന്നു കോടതിയുടെ നിർദേശം. ഇതിന്റെ തുടർച്ചയായാണ് ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ പ്രത്യേക ചടങ്ങ് നടക്കുന്നത്.
