കെഎസ്ഇബിയ്ക്ക് പുറത്തുനിന്ന് വൈദ്യുതിവാങ്ങാൻ അനുമതി. 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി ലഭിച്ചത്. യൂണിറ്റിന് പരമാവധി പത്ത് രൂപ വരെ നൽകാം. മെയ് അഞ്ചാം തീയതിവരെ വൈദ്യുതി വാങ്ങാനാണ് അനുമതി. കഴിഞ്ഞവർഷം ഇതേസമയം വൈദ്യുതി വാങ്ങിയത് യൂണിറ്റിന് 6 രൂപ നിരക്കിലായിരുന്നു. ഇക്കൊല്ലം നാല് രൂപ അധികം നൽകണം.
അതേസമയം, സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടരുകയാണ്. ഇന്നലെ രാത്രിയും പലയിടങ്ങളിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉണ്ടായി. പല ജില്ലകളിലും മണിക്കൂറുകളോളം രാത്രിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ലോഡ്ഷെഡ്ഡിങ് ഇല്ല എന്ന് മന്ത്രി പറയുമ്പോഴും കെഎസ്ഇബി ഉദ്യോഗസ്ഥർ ഇത് നിഷേധിക്കുന്നുണ്ട്.
ലോഡ് ഷെഡ്‌ഡിങ് എന്ന് ഉപയോഗിക്കാതെ വൈദ്യുതി നിയന്ത്രണം എന്ന പേരിലാണ് പുതിയ നടപടി. സംസ്ഥാനത്ത് കൊടുംചൂടിനിടെ വൈദ്യുതി നിയന്ത്രണം കൂടി ഉണ്ടാകുന്നതോടെ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. എന്നാൽ 250 മെഗാവാട്ട് വൈദ്യുതിയുടെ എങ്കിലും കുറവ് സംസ്ഥാനത്ത് ഉണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഇത് വാങ്ങാനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.
ഇതിനിടെ അപ്രഖ്യാപിത പവർകട്ടിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. കെഎസ്ഇബി തൊടുപുഴ സെക്ഷൻ ഓഫീസിലെ കെഎസ്ഇബി ഓഫീസിൽ പായ വിരിച്ച് കിടന്നായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ വേറിട്ട പ്രതിഷേധം. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിലാൽ സമദിന്റെ നേതൃതത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ലോഡ് ഷെഡ്‌ഡിങ് ഇല്ലാത്ത പത്ത് വർഷങ്ങൾ എന്ന് പറഞ്ഞ് കോടികൾ മുടക്കി പരസ്യം വെച്ച സർക്കാർ ജനങ്ങളെ സർക്കാർ കബളിപ്പിച്ചുവെന്നും സോളാർ കമ്പനികളെ സഹായിക്കാനാണ് കരണ്ട് കട്ടാക്കുന്നതെന്നുമാണ് സമരക്കാരുടെ ആരോപണം. ഇനി കരണ്ട് കട്ട് ഉണ്ടാകില്ലെന്ന സെക്ഷൻ അധികൃതരുടെ ഉറപ്പിലാണ് സമരക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്.
