ബാലവിവാഹ നിരോധന നിയമവും പോക്‌സോ നിയമവും എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും മുസ്ലിം വ്യക്തിനിയമം ചൂണ്ടിക്കാട്ടി അവയെ മറികടക്കാനാകില്ലെന്നും അലഹബാദ് ഹൈക്കോടതി. പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്ന ശരീഅത്ത് വ്യവസ്ഥ, പാർലമെന്റ് പാസാക്കിയ നിയമങ്ങൾക്ക് വിരുദ്ധമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
16 വയസുകാരിയെ വിവാഹം കഴിക്കാൻ ശ്രമിച്ചെന്ന കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ജെ.ജെ. മുനീറും അചൽ സച്ച്ദേവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. കുട്ടികളുടെ അവകാശങ്ങളും പൊതുതാൽപര്യവും സംരക്ഷിക്കാനാണ് ബാലവിവാഹ നിരോധന നിയമം (PCMA), പോക്‌സോ നിയമം (POCSO) എന്നിവ നിലവിൽ വന്നതെന്നും മതപരമായ വ്യക്തിനിയമങ്ങൾ ഇവയെ അസാധുവാക്കാനോ നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കാനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
