കേരളത്തിലെ ശിശുമരണ നിരക്ക് ഉയർന്നതായി കേന്ദ്ര സർക്കാരിന്റെ പുതിയ കണക്കുകൾ. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2024ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം, ജീവനോടെ ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളിൽ എട്ടുപേർക്ക് കേരളത്തിൽ മരണം സംഭവിക്കുന്നു എന്നാണ് പുതിയ കണക്ക്. 2024ലെ ഡാറ്റ അനുസരിച്ചുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.2023 ലെ ശിശു മരണനിരക്ക് അഥവാ ഐ എം ആർ അഞ്ച് ആയിരുന്നു. അവിടെനിന്നാണ് ഈ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്.
പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ നഗരപ്രദേശങ്ങളിലാണ് ശിശുമരണ നിരക്ക് താരതമ്യേന കൂടുതലുള്ളത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ രാജ്യത്തിന് മാതൃകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന് ഈ കണക്കുകൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നവജാത ശിശുക്കളിലെ ഹൃദ്രോഗം കണ്ടെത്തുന്നതിനുള്ള ഹൃദ്യം,മാതൃയാനം പദ്ധതികൾ അടക്കം നിലനിൽക്കുമ്പോഴാണ് കേരളത്തിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. ആരോഗ്യ സംവിധാനങ്ങളിലെ വെല്ലുവിളികളാണോ, അതോ കണക്കെടുപ്പിലെ മറ്റ് ഘടകങ്ങളാണോ ഈ വർധനയ്ക്ക് കാരണമെന്ന് ശാസ്ത്രീയമായി വിലയിരുത്തണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.അതേസമയം, കേരളത്തിലെ ശിശു മരണനിരക്ക് ഉയരുമ്പോഴും രാജ്യത്തെ ശിശു മരണ നിരക്കിൽ കുറവ് വന്നിട്ടുണ്ട്. 2023ൽ രാജ്യത്തെ ശിശു മരണ നിരക്ക് 25 ആയിരുന്നുവെങ്കിൽ 2024 അത് 24 ആയി കുറഞ്ഞിട്ടുണ്ട്.
