കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. ഹർജിയിൽ വിശദമായ വാദം നടക്കാനാണ് സാധ്യത.കേസിൽ പ്രതിചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. പ്രത്യേക അന്വേഷണ സംഘം ഇതിനകം റിബേഷിനെ പലതവണ ചോദ്യം ചെയ്തിട്ടുണ്ട്.
സി.പി.എം അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പായ ‘വടകര സ്ക്വാഡ്’ വഴിയാണ് കാഫിർ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജിതിൻ ഭാസ്കരനിൽ നിന്നാണ് റിബേഷ് രാമകൃഷ്ണന് ഈ സ്ക്രീൻഷോട്ട് ലഭിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.നിലവിൽ കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കരനെ മാത്രമാണ് പ്രതിചേർത്തിട്ടുള്ളത്. റിബേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി സ്വീകരിക്കുന്ന നിലപാട് കേസിന്റെ തുടർ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
