രാഷ്ട്രീയ നേതാവായി പൊട്ടിവീണയാളല്ല താനെന്ന് രമേശ് ചെന്നിത്തല. ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകും എന്നും ചെന്നിത്തല വിമർശിച്ചു. കൊച്ചിയിൽ നടന്ന പരിപാടിയിലാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.
യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെയാണ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം എണ്ണിപ്പറഞ്ഞത്. ഒരു സുപ്രഭാതത്തിൽ രാഷ്ട്രീയ നേതാവായി പൊട്ടിവീണയാളല്ല താൻ. സൈക്കിളിൽ പോയി രാഷ്ട്രീയ പ്രവർത്തനം നടത്തിയ ചരിത്രം തനിക്കുണ്ട്. ഇന്ന് സ്ഥിതി അതല്ല. സമൂഹമാധ്യമങ്ങളിൽ എഴുതുന്നയാൾ നേതാവാകുന്ന കാലമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊച്ചിയിൽ നടന്ന പി കെ ഡീവർ അനുസ്മരണ ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ചടങ്ങിൽ പങ്കെടുത്ത വിഎം സുധീരൻ, രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തെ വാനോളം പുകഴ്ത്തി. ആഭ്യന്തര മന്ത്രിയായും പ്രതിപക്ഷ നേതാവായും മികച്ച പ്രവർത്തനം കാഴ്ചവച്ചയാളാണ് രമേശ് ചെന്നിത്തല. സംസ്ഥാന ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തെ ഇനിയും ആവശ്യമുണ്ടെന്നും വിഎം സുധീരൻ പറഞ്ഞു.
മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ചേരിപ്പോരിൽ കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്. സൈബറിടങ്ങളിലും പോര് മുറുകുന്നതിനിടെ മീഡിയ സെൽ ചുമതലയിൽ നിന്ന് ഒഴിവാകണമെന്നവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി കത്ത് നൽകി.
മൂന്ന് നേതാക്കളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിലും സൈബർ പോരിലും വലിയ അമർഷം പാർട്ടിക്കുള്ളിലുണ്ട്. നേതൃത്വത്തെ പലരും അതൃപ്തി നേരിട്ട് അറിയിച്ചിട്ടുമുണ്ട്. മീഡിയ സെൽ ചുമതലയിൽ നിന്ന് ഒഴിയാനുള്ള ഹൈബിയുടെ തീരുമാനവും ചർച്ചയാകുന്നതും ഇതേ സാഹചര്യത്തിലാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചാം നാൾ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നവശ്യപ്പെട്ട് ഹൈബി കെപിസിസി പ്രസിഡന്റിന് കത്ത് നൽകി. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ചുമതല നൽകിയതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ സ്ഥാനം ഒഴിയുന്നുവെന്നാണ് ഹൈബിയുടെ വിശദീകരണം. രാജിക്കത്ത് കെപിസിസി ഇതുവരെ അംഗീകരിച്ചിട്ടില്ല.
