തിരുവനന്തപുരം മാരായമുട്ടത്ത് അച്ഛന്റെയും മകന്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആനാവൂർ സ്വദേശികളായ ഷൈജുവിന്റെയും പിതാവ് ഷാജികുമാറിന്റെയും മരണത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ മാരായമുട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഷൈജുവിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പിന്നീട് ഷൈജുവിന്റെ സ്ഥിതി വഴളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.തുടർന്ന് ഇന്നലെ ഷൈജു മരണപ്പെട്ടു.ഇതിനിടയിൽ ഇളയമ്മ ധന്യ വിഷം കലക്കി നൽകിയതായും ഷൈജു ബന്ധുകളോട് പറഞ്ഞിരുന്നു.
രണ്ട് മാസം മുമ്പ് പിതാവ് ഷാജികുമാറും ഇതേ രീതിയിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചിരുന്നു.ഷാജികുമാർ മൂന്നാമത്തെ ഭാര്യയായ ധന്യയോടൊപ്പം കീഴാരൂറാണ് താമസിച്ചിരുന്നത്.ഷാജികുമാർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് ധന്യ ബന്ധുക്കളെ അറിയിച്ചിരുന്നത്.എന്നാൽ ഇപ്പോൾ ഷാജികുമാറിൻ്റെ മരണത്തിലും ബന്ധുക്കൾ ദുരൂഹത ആരോപിക്കുകയാണ്. ഷാജികുമാറിൻ്റെയും ഷൈജുവിൻ്റെയും മരണകാരണം ഒരേ വിഷം ഉള്ളിൽ ചെന്നാണെന്ന് ഡോക്ടറും പൊലീസും പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.സംഭവത്തിൽ മാരായമുട്ടം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് അതേ സമയം ഷൈജു വീട്ടിൽ കഴിഞ്ഞ ഒന്നര മാസമായി വന്നിട്ടില്ല എന്ന് ഇളയമ്മ ധന്യ ബിഗ് ടിവി യോട് പറഞ്ഞു.
