വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ തുറമുഖത്ത് വൻ ചരക്കുനീക്കം. നിലവിൽ പ്രതിദിനം എംഎസ്‌സിയുടെ രണ്ട് കപ്പലുകൾ വീതമാണ് ബെർത്ത് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം എംഎസ്‌സിയുടെ 10 മദർഷിപ്പുകളാണ് വിഴിഞ്ഞത്ത് എത്തിയത്.രണ്ട് കപ്പലുകൾ തുറമുഖത്ത് ബെർത്ത് ചെയ്യുമ്പോൾ എംഎസ്‌സിയുടെ നാല് കപ്പലുകൾ വരെ പുറംകടലിൽ നങ്കൂരമിട്ട് കാത്തുനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജെയ്ഡ് സർവീസ് ആരംഭിച്ചതിന് ശേഷം എംഎസ്‌സിയുടെ ആയിരത്തിലധികം കപ്പലുകൾ വിഴിഞ്ഞത്ത് എത്തിയതായാണ് കണക്കുകൾ.
നിലവിൽ എംഎസ്‌സിയുടെ കപ്പലുകൾക്കാണ് പ്രധാനമായും സ്ലോട്ട് ലഭിക്കുന്നത്. മറ്റ് ഷിപ്പിംഗ് കമ്പനികൾക്ക് ആവശ്യമായ ബെർത്ത് സൗകര്യം ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. എംഎസ്‌സിയുടെ കപ്പലുകൾക്ക് പോലും നിലവിലെ ശേഷി പര്യാപ്തമല്ലെന്നാണ് വിലയിരുത്തൽ.രണ്ടാംഘട്ട നിർമാണം പൂർത്തിയാകുന്നതോടെ ഒരേസമയം നാല് കപ്പലുകൾ തുറമുഖത്ത് ബെർത്ത് ചെയ്യാൻ സാധിക്കും. ഇതോടെ കൂടുതൽ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾ വിഴിഞ്ഞം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. 2028-നു മുൻപ് രണ്ടാംഘട്ട നിർമാണം പൂർത്തിയാക്കാനാണ് തുറമുഖ കമ്പനിയുടെ ലക്ഷ്യം.എംഎസ്‌സിക്ക് പുറമെ മെഴ്സ്ക് (Maersk) ഉൾപ്പെടെയുള്ള പ്രമുഖ ഷിപ്പിംഗ് കമ്പനികളും വിഴിഞ്ഞം തുറമുഖത്തോട് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുവരെ 2.1 മില്യൺ കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തിരിക്കുന്നത്.
