പി.എസ്.സി പരീക്ഷാ ക്രമക്കേടുകളിലും നിയമന തട്ടിപ്പ് ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം നടത്താമെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തുടർന്ന് വിഷയം മന്ത്രിസഭ പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വിഷയം വരുന്നതിനാലും പി.എസ്.സി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമായതിനാലും വിജിലൻസിന് അന്വേഷണം നടത്താമെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം.പിഎസ്‌സി ഭരണഘടനാ സ്ഥാപനമായതിനാൽ ചെയർമാനോ അംഗങ്ങൾക്കോ എതിരെ നടപടിക്കു സർക്കാരിന് അധികാരമില്ല. എന്നാൽ അഴിമതി നിരോധന നിയമത്തിന്റെ 17എ പ്രകാരം അതിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾ വിജിലൻസിനു പരിശോധിക്കാമെന്നാണു സർക്കാരിനു ലഭിച്ച വിവരം. വിജിലൻസിനു കൈമാറിയാൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണച്ചുമതല.
പിഎസ്‌സി ചെയർമാനു കീഴിലുള്ള ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ നിലവിൽ നടക്കുന്ന അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നു വിലയിരുത്തിയാണ് വിജിലൻസിനെ രംഗത്തിറക്കാനുള്ള നീക്കം. മുൻ സർക്കാരിന്റെ കാലത്തു നടന്ന പരീക്ഷാ ക്രമക്കേടിലും അനധികൃത നിയമനങ്ങളിലും കർശന നടപടി വേണമെന്നാണു സർക്കാരിന്റെ നിലപാട്. പിഎസ്‌സി നിയമനം സുതാര്യമാക്കുമെന്നതായിരുന്നു തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.
