സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടിനെതിരെ കെ എസ് ഇ ബി ഓഫീസിൽ പായ വിരിച്ച് കിടന്ന് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. കെ എസ് ഇ ബി തൊടുപുഴ സെക്ഷൻ ഓഫീസിലായിരുന്നു വേറിട്ട പ്രതിഷേധം. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിലാൽ സമദിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
കറണ്ട് കട്ടില്ലാതെ സ്വസ്ഥമായി കിടന്നുറങ്ങാൻ കെഎസ്ഇബി ഓഫീസ് തന്നെയാണ് സമരക്കാർ തെരഞ്ഞെടുത്തത്. എന്നാൽ അവിടെയും സ്ഥിതി ദയനീയമാണെന്നാണ് ബിലാൽ സമദ് പറയുന്നത്. ഫോൺ എടുക്കാൻ പോലും ആളില്ലെന്നും രണ്ട് പേർ മാത്രമേ ഡ്യൂട്ടിയിലുള്ളു എന്നും പറയുന്നു.
ലോഡ് ഷെഡ്‌ഡിങ് ഇല്ലാത്ത പത്ത് വർഷങ്ങൾ എന്ന് പറഞ്ഞ് കോടികൾ മുടക്കി പരസ്യം വെച്ച് സർക്കാർ ജനങ്ങളെ കബളിപ്പിച്ചുവെന്നും, സോളാർ കമ്പനികളെ സഹായിക്കാനാണ് കറണ്ട് കട്ടാക്കുന്നത് എന്നുമാണ് സമരക്കാരുടെ ആരോപണം. ഇനി കറണ്ട് കട്ട് ഉണ്ടാകില്ലെന്ന സെക്ഷൻ അധികൃതരുടെ ഉറപ്പിലാണ് സമരക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്. വാക്ക് മാറ്റിയാൽ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് മുന്നറിയിപ്പ് കൂടി നൽകിയാണ് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
