കണ്ണൂർ കേളകത്ത് ലഹരിക്കടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പേരാവൂർ കൊളക്കാട് സ്വദേശി ഗീതമ്മ(50)യാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം മകൻ ക്രിസ്റ്റി പൊലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് മകൻ ക്രിസ്റ്റി ഗീതമ്മയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്‌റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ക്രിസ്റ്റി ലഹരിമരുന്നിന് അടിമയായിരുന്നു. കൊലപാതകത്തിന് ശേഷം സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി ഇയാൾ സ്‌കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കേളകം പൊലീസെത്തിയാണ് ഗീതമ്മയെ ആശുപതിയിലേക്ക് മാറ്റിയത്. മഹിളാ മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് കൊല്ലപ്പെട്ട ഗീതമ്മ. അമ്മയെ കുറിച്ച് നാട്ടിൽ അപവാദം പറഞ്ഞ് കേട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് എഫ്ഐആറിലുള്ളത്. പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
