സിബിഐ അന്വേഷിക്കുന്ന കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രതിയായ മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരനെ പിന്തുണച്ച് സംഘടനയിൽ ഒരു വിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് തൃശൂരിൽ ചേരുന്ന ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ചന്ദ്രശേഖരൻ സംസ്ഥാന പ്രസിഡന്റായി തുടരണെന്ന പ്രമേയം അവതരിപ്പിക്കാനാണ് ആലോചന.കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നാണ് അനുകൂല വിഭാഗത്തിന്റെ വാദം. അതിനാൽ ചന്ദ്രശേഖരൻ സ്ഥാനമൊഴിയേണ്ട സാഹചര്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അഴിമതിക്കേസിൽ പ്രതികളായവർ സംഘടനാ സ്ഥാനങ്ങൾ ഒഴിയണമെന്നതാണ് ഐഎൻടിയുസി ദേശീയ നേതൃത്വത്തിന്റെ നിലപാടെന്ന് ചൂണ്ടിക്കാട്ടി മറുവിഭാഗം ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. സിബിഐ കേസിൽ രണ്ടാം പ്രതിയായ ചന്ദ്രശേഖരൻ ഉടൻ വിചാരണ നേരിടേണ്ട സാഹചര്യമുള്ളതിനാൽ അദ്ദേഹം രാജിവയ്ക്കുകയോ, അല്ലെങ്കിൽ ദേശീയ നേതൃത്വം സ്ഥാനത്ത് നിന്ന് മാറ്റുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.ഇക്കാര്യത്തിൽ ദേശീയ പ്രസിഡന്റ് സഞ്ജീവ റെഡ്ഡിയെ നേരിൽ കണ്ട് പരാതി അറിയിക്കാനും വിമതവിഭാഗം ശ്രമം നടത്തുന്നുണ്ട്. ഇതിനിടെ കെപിസിസി നിർവാഹക സമിതി അംഗവും എഐസിസി അംഗവുമായ ആർ. ചന്ദ്രശേഖരനെ കോൺഗ്രസ് സംഘടനാ പദവികളിൽ നിന്നുമൊഴിവാക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ ഇന്നത്തെ ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതി യോഗത്തിന്റെ തീരുമാനങ്ങൾ നിർണായകമാകും.
