കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയെന്ന പരാതിയെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിച്ചു. കല്ലാച്ചി സ്വദേശി ചന്ദ്രൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അർബുദരോഗിയായിരുന്ന ചന്ദ്രനെ കഴിഞ്ഞ മാസം 23-നാണ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നൽകി വരികയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
നാദാപുരം താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയതാണ് ചന്ദ്രന്റെ ആരോഗ്യനില ഗുരുതരമാകാൻ കാരണമായതെന്ന് ബന്ധുക്കൾ നേരത്തേ ആരോപിച്ചിരുന്നു. ചന്ദ്രൻ എന്ന പേരുള്ള മറ്റൊരു രോഗിക്ക് നൽകേണ്ട ഗുളിക അബദ്ധത്തിൽ മരിച്ച ചന്ദ്രന് നൽകിയെന്നായിരുന്നു പരാതി.അതേസമയം, പ്രാഥമിക അന്വേഷണത്തിൽ ചികിത്സാ പിഴവ് കണ്ടെത്തിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരുന്നു. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. ചന്ദ്രന്റെ മരണത്തെ തുടർന്ന് ചികിത്സാ പിഴവിൽ ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
