രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് വില കുറഞ്ഞു. 19 കിലോഗ്രാം കൊമേഴ്‌സ്യൽ എൽപിജി സിലിണ്ടറിന്റെ വില 183 രൂപ 50 പൈസ കുറച്ചു. പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഹോട്ടലുകൾക്ക് നേരിയ ആശ്വാസം നൽകുന്നതാണ് വിലക്കുറവ്.എണ്ണ വിപണന കമ്പനികളുടെ പ്രതിമാസ വില പുനഃപരിശോധനയുടെ ഭാഗമായാണ് കൊമേഴ്‌സ്യൽ എൽപിജി സിലിണ്ടറിന്റെ വില കുറച്ചത്. ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 183 രൂപ 50 പൈസയുടെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ, കൊൽക്കത്ത, ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലും വിലയിൽ കുറവുണ്ട്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് ഈ വിലക്കുറവ് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, സാധാരണ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ ഇത്തവണയും മാറ്റമില്ല.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്നായിരുന്നു വാണിജ്യ എൽപിജി സിലിണ്ടർ വർധിപ്പിച്ചിരുന്നത്. നേരത്തെ വാണിജ്യ എൽപിജി വിതരണത്തിനുള്ള നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ നീക്കിയിരുന്നു. വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനഃസ്ഥാപിച്ചിരുന്നു.
