മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ ആനുകൂല്യം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെ നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം. ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂറിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ “കഴിവുകെട്ടവൻ” എന്ന് വിളിച്ചെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം.
സജി ചെറിയാൻ നൽകിയ നോട്ടീസിന് മറുപടി നൽകി അബ്ദുൽ ഗഫൂർ സംസാരിക്കുന്നതിനിടയിൽ വനം മന്ത്രി ഷിബു ബേബി ജോൺ ഇടപെട്ടതോടെയാണ് തർക്കത്തിന് തുടക്കമായത്. വിഷയത്തിൽ മറുപടി പറയാൻ ഫിഷറീസ് മന്ത്രിക്ക് കഴിവുകേടുണ്ടെന്ന് തോന്നുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങൾ ബഹളം വച്ചു.തർക്കം രൂക്ഷമായതോടെഫിഷറീസ് മന്ത്രി കഴിവുറ്റ ആളാണെന്നാണ് തന്റെ അഭിപ്രായമെന്നും, എന്നാൽ നേരത്തെ മന്ത്രിയായിരുന്ന ഒരാൾ പുതിയതായി വന്ന മന്ത്രിക്ക് കഴിവില്ലെന്ന് സ്ഥാപിക്കുന്ന രീതിയിലാണ് ഇടപെട്ടതെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.തുടർന്ന് പരാമർശം പിൻവലിക്കുകയോ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയോ വേണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പിണറായി വിജയനോട് ആവശ്യപ്പെട്ടു .
ഒടുവിൽ ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന് താൻ കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയതോടെയാണ് തർക്കം അവസാനിച്ചത്. തുടർന്ന് മന്ത്രി അബ്ദുൽ ഗഫൂർ, പഞ്ഞമാസ ആനുകൂല്യം സാധാരണ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് വിതരണം ചെയ്യുന്നതെന്നും ആദ്യ ഗഡു ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും പറഞ്ഞതോടെ അടിയന്തര പ്രമേയ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.
