ലഹരിമരുന്നു കേസിൽ കേരളം ഒന്നാമതായെന്ന് നിയമസഭയിൽ പറഞ്ഞത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്. ഇതുവരെ പഞ്ചാബായിരുന്നു മുന്നിൽ. ഇപ്പോൾ കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ഇതിനകം 5000 പേർ അറസ്റ്റിലായെന്നും നാലായിരത്തിലധികം കേസുകൾ റജിസ്റ്റർ ചെയ്തു എന്നും മന്ത്രി വെളിപ്പെടുത്തി. കാസർഗോഡ് ലഹരിമരുന്ന് മിഠായിയിൽ നിറയ്ക്കുന്നതു പൊലീസ് കണ്ടെത്തി. സ്കൂൾ കുട്ടികൾക്ക് നൽകാനായിരുന്നു ഇത്. ലഹരിമാഫിയ സ്കൂൾ പ്രായത്തിൽ തന്നെ വലവിരിക്കുകയാണ്. ഇത്ര വലിയ മാഫിയയെ ആണ് സംസ്ഥാനത്തിന് നേരിടേണ്ടത്.
2016ൽ കേരളത്തിൽ നർക്കോട്ടിക്സ്, ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് അനുസരിച്ച് റജിസ്റ്റർ ചെയ്തത് 5,924 കേസ് മാത്രമായിരുന്നു.2023ൽ കേസുകളുടെ എണ്ണം 30,697 ആയി. 2024ൽ 27,530. 2016ൽ ആകെയുണ്ടായിരുന്ന കേസുകളേക്കാൾ കൂടുതലാണ് ഈ വർഷത്തെ ആദ്യ രണ്ടുമാസം മാത്രം റജിസ്റ്റർ ചെയ്തത്. ഇതിൽ കൊക്കെയ്ൻ മുതൽ ഹൈബ്രിഡ് കഞ്ചാവുവരെയുണ്ട്. മെത്താഫെറ്റമിനും മറ്റ് ഗുളികകളുമുണ്ട്. ഇൻജക്ഷനുകൾ തരാതരമുണ്ട്. സ്കൂളുകളിലും കോളജുകളിലും മൂത്രപ്പുരകളിൽ നിന്ന് കണ്ടെടുക്കുന്ന ലഹരികളുടെ നിരവധി കേസുകളുണ്ട്. പത്താംക്ലാസ്സിൽ പഠിക്കുന്നവർ എംഡിഎംഎ അകത്താക്കി കൂലിത്തല്ലിനു പോയ കേസുകളുണ്ട്. പ്രായപൂർത്തിയാകാത്തവർ എന്ന പേരിൽ ലഹരികേസിൽ പിടിയിലാകുന്നവരുടെ എണ്ണം പതിന്മടങ്ങ് ഉയർന്നിട്ടുമുണ്ട്.
പതിനെട്ടുവയസ്സാകും മുൻപ് ലഹരികേസിൽ ഉൾപ്പെടുന്നവരിൽ സിനിമാക്കാരുടെയും ജനപ്രതിനിധികളുടേയും അധ്യാപകരുടേയും ഡോക്ടർമാരുടേയുമൊക്കെ മക്കളുണ്ട്. പല കേസുകളും നന്നാകാനുള്ള അവസരം എന്ന പേരിൽ മുന്നറിയിപ്പു നൽകി വിട്ടയയ്ക്കുന്നുണ്ട്. ഇതു നിയമവിരുദ്ധമായ ലഹരി ഉപയോഗിക്കുന്ന കേസുകളുടെ കണക്കാണെങ്കിൽ അബ്കാരി ആക്റ്റിലെ കേസുകളുണ്ട്. 2016ൽ റജിസ്റ്റർ ചെയ്തത് 65,046 കേസ് ആയിരുന്നെങ്കിൽ 2024ൽ എണ്ണം 81,754 ആയി ഉയർന്നു. ഈ ലഹരി ഉപയോഗം വളരുന്നത് സിനിമകൊണ്ടാണ് എന്നു പറഞ്ഞാൽ അതിനു തെളിവു ചോദിക്കും. പക്ഷേ ലഹരി ഉപയോഗിക്കുന്നത് ഹീറോയിസം ആണെന്നു തോന്നിപ്പിക്കുന്ന രണ്ടു മൂന്നു ഡസൻ സിനിമകൾ എങ്കിലും വർഷാവർഷം പുറത്തിറങ്ങുന്നുണ്ട്.
സമൂഹത്തിൽ ഉള്ളതൊക്കെ സിനിമയിലും കാണും എന്നു പറഞ്ഞല്ല ഈ പാതകത്തെ ന്യായീകരിക്കേണ്ടത്. സിനിമയിൽ ഉള്ളതൊക്കെ സമൂഹത്തിലുള്ളവർ അനുകരിക്കും എന്ന പച്ചപ്പരമാർത്ഥമാണ് അംഗീകരിക്കേണ്ടത്. സിനിമ പ്രതിഭകളുടെ ധാരാളിത്തമുള്ളവരുടെ ഇടമാണ്. അതോടൊപ്പം തന്നെ അവർ ഈ പൊതുസമൂഹത്തിന്‍റെ ഭാഗവുമാണ്. നിരോധിത ലഹരി ഉപയോഗിച്ച് ഏതു വിക്രസും കാണിക്കുന്നതിനെയല്ല അഭിനയം എന്നു പറയുന്നത്. സെറ്റിലെ ജോലികഴിഞ്ഞാൽ സ്വന്തം മുറിയിലോ ബാറിലോ പോയി അനുവദനീയമായ ലഹരി കഴിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. സ്വന്തം ശരീരത്തിന് ദോഷം ചെയ്യുമെങ്കിലും അതിനെ തടയാൻ ആർക്കും കഴിയില്ല. എന്നാൽ സെറ്റിൽ വച്ച് അനുവദനീയമായതു കഴിക്കാൻ ആർക്കും കഴിയില്ല. നിരോധിത ലഹരികൾ കൊണ്ടുനടക്കുന്നവരെ തൂക്കിയെടുത്തു ജയിലിൽ ഇടുകയാണ് വേണ്ടത്. അവരുടെ ചിത്രങ്ങൾ സിനിമാ പോസ്റ്ററുകളിലല്ല, സ്റ്റേഷനുകളിലെ മോസ്റ്റ് വാണ്ടഡ് പട്ടികയിലാണ് ഉണ്ടാകേണ്ടത്.
സിനിമ ഉൾപ്പെടെ ഏതു കലാരൂപത്തിനും വേണ്ടത് വിപ്ലവകരമായ പരിവർത്തനം ഉണ്ടാക്കാൻ കഴിയുന്ന ലഹളക്കാരെയാണ്. ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്നത് സാമൂഹിക വിരുദ്ധ പ്രവർത്തനമാണ്, സർഗ്ഗാത്മകമായ ലഹളയല്ല. നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തനായത് പത്തുവർഷം മുൻപുള്ള കൊക്കെയ്ൻ കേസിലാണ്. സാങ്കേതികമായി കുറ്റവിമുക്തനായെങ്കിലും ആ കേസിലെ വിധിയിൽ മുഴുവൻ പൊലീസിനെ കണക്കറ്റു വിമർശിക്കുകയാണ് കോടതി ചെയ്തത്. പൊലീസ് ബോധപൂർവം വരുത്തിയ പിഴവുകളാണ് പ്രതിയെ കുറ്റവിമുക്തനാക്കുന്നതിലേക്ക് എത്തിയതെന്നു തന്നെ പറയാതെ പറയുന്നുണ്ട് ആ വിധി. പ്രതികൾ താമസിച്ച കെട്ടിടത്തിൽ നിന്നു മാത്രമല്ല പ്രതികളുടെ ശരീരത്തിൽ നിന്നുവരെ കൊക്കെയ്ൻ കണ്ടെത്തി. പക്ഷേ, ലഭിച്ചതു പ്രതികളിൽ നിന്നാണെന്നു തെളിയിക്കാൻ പൊലീസിന് ആയില്ല. വമ്പന്മാർ ഉൾപ്പെട്ട ലഹരികേസുകളിലൊക്കെ പൊലീസ് രക്ഷാമാർഗം ഒരുക്കുന്നത് ഇങ്ങനെയാണ്.
തികച്ചും സാങ്കേതികമായ കാരണങ്ങളാലാണ് പ്രതികൾ കുറ്റവിമുക്തരായത്. ലഹരി കേസിൽ ഗസറ്റഡ് ഓഫിസറുടെ സാന്നിധ്യത്തിൽ വേണം തെളിവ് കണ്ടെടുക്കാൻ. വനിതാ മോഡലിന്‍റെ കയ്യിൽ നിന്ന് കൊക്കെയ്ൻ കണ്ടെടുക്കുമ്പോൾ വനിതാ ഗസറ്റഡ് ഓഫിസർ ഉണ്ടായിരുന്നില്ല. സാങ്കേതികമായ ഈ പിഴവാണ് പ്രതികളിൽ നിന്നാണ് ലഹരി കണ്ടെത്തിയത് എന്നു സ്ഥാപിക്കുന്നതിലുണ്ടായത്. പൊലീസിനൊപ്പമുണ്ടായിരുന്നത് പുരുഷ ഗസറ്റഡ് ഓഫിസർ ആയിരുന്നു. വനിതയുടെ ദേഹപരിശോധനയ്ക്ക് ഇദ്ദേഹത്തിന് സാക്ഷിയാകാൻ കഴിയില്ല എന്നതിനാൽ ലഹരി കണ്ടെടുത്തു എന്ന വാദം തന്നെ സാങ്കേതികമായി റദ്ദായി. ഇങ്ങനെയാണ് പ്രതികൾ കേസുകളിൽ നിന്നു രക്ഷപ്പെട്ടു പോകുന്നത്.
ഇന്ത്യയിൽ മുംബൈപോലെയാണ് കേരളത്തിൽ കൊച്ചിയും. ഫാഷനുകൾ മാത്രമല്ല ഇവിടെ ആദ്യമെത്തുന്നത്. ലഹരിയുമാണ്. കൊച്ചി ഇപ്പോൾ ആഗോള ഇന്‍റർനെറ്റ് ശൃംഖലയിലെ കേബിളുകളുടെ ലാൻഡിങ് പോയിന്‍റ് മാത്രമല്ല, ലഹരിയുടേയും ഹബ്ബാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ലഹരി കടന്നുവരുന്നത് മുൻപ് കരമാർഗവും വിമാനമാർഗവും ആയിരുന്നെങ്കിൽ ഇപ്പോൾ കടൽമാർഗമാണ്. സിനിമാ സെറ്റുകളിൽ വ്യാപകമായി എത്തിയ ഗ്ലോ ആൻഡ് ലവ്ലി ക്രീം പാകിസ്താനിൽ നിർമിച്ച് യുഎഇ വഴി ഇന്ത്യയിൽ എത്തിയതായിരുന്നു. ഇതിന്‍റെ 1,14,624 പൗച്ചുകളാണ് കഴിഞ്ഞവർഷം ഡിആർഐ പിടിച്ചെടുത്തത്. രാജ്യാന്തര കൊറിയർ കമ്പനികൾ വഴി സിനിമാ സെറ്റുകളിലേക്കു വാങ്ങുന്ന കോസ്മറ്റിക് ഉൽപന്നങ്ങളുടെ ഡപ്പികളിൽ ലഹരിയുണ്ടെന്നു കണ്ടെത്തിയതും കഴിഞ്ഞവർഷമാണ്.
