മലബാർ മേഖലയിൽ പ്ലസ് വൺ, പ്ലസ് ടു പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എ.എൻ. ഷംസുദ്ദീൻ നിയമസഭയിൽ അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പുതിയ ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുക. വിഷയം സർക്കാർ സജീവമായി പരിഗണിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ ബാച്ചുകൾ അനുവദിക്കുക. ഈ വർഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ചും അടുത്ത അധ്യയന വർഷത്തിന് മുൻപായി പുതിയ ബാച്ചുകൾ അനുവദിച്ചും പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് ലക്ഷ്യംമെന്ന് വിദ്യാഭ്യാസ എ എൻ ഷംസുദ്ദീൻ സഭയിൽ വ്യക്തമാക്കി.
മുൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും, ഒരു അധ്യാപകന് അറുപത്തഞ്ച് വിദ്യാർത്ഥികൾ എന്ന അനുപാതം വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്ലസ് ടു തലത്തിൽ ഈ അനുപാതം സ്വീകരിച്ചത് പ്രത്യേക സാഹചര്യത്തിലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
താൽക്കാലിക ബാച്ചുകൾക്ക് പുറമെ, സീറ്റ് ക്ഷാമം രൂക്ഷമായ ജില്ലകളിലെ നിലവിലെ ബാച്ചുകളിൽ 20 മുതൽ 30 ശതമാനം വരെ സീറ്റ് വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
