ബിജെപിയുടെ പഠനശിബിരം നടത്താൻ കെപിസിസിയുടെ കീഴിലുള്ള സ്ഥാപനം വിട്ടുനൽകിയത് വിവാദത്തിൽ. നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെൻ്റ് സ്റ്റഡീസ് ആണ് ബിജെപി കാട്ടാക്കട മണ്ഡലത്തിന്റെ ദീനദയാൽ ഉപാധ്യായ പഠനശിബിരം നടത്താനായി വിട്ടു നൽകിയത്. വിവാദമായതോടെ സ്ഥാപനത്തിന്റെ ചുമതലക്കാരോട് കെ പി സി സി വിശദീകരണം തേടി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ആർ ശ്രീലേഖയടക്കം പരിപാടിയിൽ പങ്കെടുത്തിരുന്നു. രണ്ടുദിവസത്തേക്ക് ആയിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് ബിജെപിക്ക് വിട്ടു നൽകിയത്. 27, 28 തീയതികളിൽ ആയിരുന്നു പഠനശിബിരം. രാഷ്ട്രീയ വ്യത്യാസമന്യേ വിവിധ സംഘടനകളുടെ പരിപാടികൾക്കായി ഹാൾ വാടകയ്ക്ക് നൽകാറുണ്ടെന്നാണ് സ്ഥാപനത്തിന്റെ ചുമതലക്കാരുടെ വിശദീകരണം.സംഭവത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാനും പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഇത്തരം തീരുമാനങ്ങൾ എടുത്തതിനെതിരെയുമാണ് കെ പി സി സി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.കെപിസിസി പ്രസിഡൻറ് ആണ് സ്ഥാപനത്തിന്റെ ചെയർമാൻ. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡണ്ട് ആയിരുന്നപ്പോൾ സ്ഥാപിച്ചതാണ് ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്.
