ആർആർആർ, അനിമൽ, ദേവര, കൽക്കി 2898 എഡി തുടങ്ങിയ ചലച്ചിത്രങ്ങളൊക്കെ വിതരണം ചെയ്ത കെ വി എൻ ഗ്രൂപ്പിന്‍റെ അധിപൻ മാത്രമല്ല കെ വെങ്കട് നാരായണ. ഒരു ചാർട്ടേഡ് അക്കൗണ്ടന്റാണ്, കോസ്റ്റ് ആൻഡ് മാനേജ്മെന്‍റ് അക്കൗണ്ടന്റാണ്, കമ്പനി സെക്രട്ടറിയാണ്. എല്ലാത്തിനും പുറമെ നിയമബിരുദവുമുണ്ട്. ഇത്രയൊക്കെ യോഗ്യതകളുള്ള ഒരാളെ തമിഴ് നാട് സർക്കാരിന്‍റെ ഡൽഹി പ്രതിനിധിയായി നിയമിക്കുന്നത് തികച്ചും ന്യായമായി തോന്നാം. എന്നാൽ വെങ്കട് നാരായണയ്ക്ക് മുഖ്യമന്ത്രി വിജയുമായി മറ്റൊരു ബന്ധമുണ്ട്. ഇനിയും പുറത്തിറങ്ങാത്ത ജനനായകൻ എന്ന സിനിമയുടെ നിർമാതാവാണ്. ക്യാബിനറ്റ് റാങ്കിൽ വെങ്കട് നാരായണ നിയമിതനാകുമ്പോൾ സംശയത്തിന്‍റെ പുരികങ്ങൾ ഉയരുന്നത് അതുകൊണ്ടാണ്.
ഒരുവർഷത്തേക്ക് തസ്തിക സൃഷ്ടിച്ചുള്ള ചീഫ് സെക്രട്ടറി എം ശശികുമാറിന്‍റെ ഉത്തരവ് ഇറങ്ങിയത് കഴിഞ്ഞദിവസമാണ്. 48 മണിക്കൂർ കൊണ്ട് തന്നെ അതു വൻ വിവാദമായി. കേന്ദ്രവുമായുള്ള ബന്ധം ശരിയാക്കാൻ എന്തിന് വെങ്കട് നാരായണയെ നിയമിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. രാഷ്ട്രീയത്തിൽ വെങ്കട് നാരായണയ്ക്ക് പ്രവൃത്തി പരിചയമില്ല. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടില്ല. ഡൽഹി കേന്ദ്രീകരിച്ചു തന്നെ പ്രവർത്തിച്ച പരിചയമില്ല. അങ്ങനെയൊരാളെ കാബിനറ്റ് റാങ്കിൽ നിയമിക്കുന്നത് ഇഷ്ടജന നിയമനമല്ലാതെ മറ്റെന്താണ് എന്നാണ് ഉയരുന്ന ചോദ്യം.
പ്രധാനമന്ത്രിയുടെ ഓഫിസുമായി നിരന്തരം സമ്പർക്കം പുലർത്തുക, കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂടിക്കാഴ്ചകൾക്ക് അവസരം ഒരുക്കുക, സംസ്ഥാനത്തിന്‍റെ പദ്ധതികൾക്ക് അനുമതി നേടിയെടുക്കുക, കൂടുതൽ കേന്ദ്ര പദ്ധതികൾ തമിഴ്നാട്ടിലേക്കു കൊണ്ടുവരിക, കേന്ദ്രഫണ്ട് പരമാവധി ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രത്യേക പ്രതിനിധിയുടെ ജോലികൾ. ഈ മേഖലയിലൊന്നും മുൻപരിചയമുള്ളയാളല്ല വെങ്കട് നാരായണ.
സാധാരണ മുതിർന്ന ഐഎഎസ് ഓഫിസർമാരെയാണ് ഈ ചുമതല ഏൽപ്പിക്കുക. അല്ലെങ്കിൽ റസിഡന്‍റ് കമ്മിഷണർമാരാണ് ഈ പണി ചെയ്യുക. ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ കേരളാ ഹൗസിൽ റസിഡന്‍റ് കമ്മിഷണറായിരുന്നു. പിന്നീട് രാഷ്ട്രീയ നിയമനം നടത്തിയത് എൽഡിഎഫ് സർക്കാരാണ്. ആദ്യം എ സമ്പത്തും പിന്നീട് കോൺഗ്രസിൽ നിന്നുവന്നെ മുൻ കേന്ദ്രമന്ത്രി കെ വി തോമസും ഈ പദവിയിൽ നിയമിതരായി. തമിഴ്നാട്ടിൽ ഈ പദവിയിൽ റസിഡന്‍റ് കമ്മിഷണർമാർ തന്നെയാണ് നിയമിതരാകാറുള്ളത്.
പ്രസ്റ്റീജ് ഗ്രൂപ്പിന്‍റെ സിഇഒ ആയിരിക്കുമ്പോഴാണ് വെങ്കട നാരായണ കെവിഎൻ ഗ്രൂപ്പ് ആരംഭിക്കുന്നത്. സിനിമാ നിർമാണത്തിനു പുറമെ റിയൽ എസ്റ്റേറ്റ് മേഖലയിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. ആ തസ്തികയ്ക്കു തന്നെ അപമാനമാണ് ഇപ്പോഴത്തെ നിയമനമെന്ന് ഡിഎംകെ രാജ്യസഭാ എംപി പി വിൽസൺ ആരോപിച്ചു. തമിഴ്നാടിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള തസ്തിക ഒരു വ്യക്തിയുടെ ബിസിനസ് വളർത്താനുള്ള മാർഗമാക്കി മാറ്റി എന്നാണ് ആരോപണം. കർണാടക സർക്കാരുമായി അടുത്ത ബന്ധമുള്ളയാളെ തമിഴ്നാടിന്‍റെ പ്രതിനിധിയാക്കിയത് തിരിച്ചടിക്കുമെന്നാണ് ബിജെപി തമിഴ്നാട് പ്രസിഡന്‍റ് നൈനാർ നാഗേന്ദ്രൻ ആരോപിക്കുന്നത്.
കാവേരി ജലപ്രശ്നത്തിലുൾപ്പെടെ തമിഴ്നാടിന്‍റെ താൽപര്യങ്ങൾക്കു വിരുദ്ധമായ തീരുമാനങ്ങൾ ഡൽഹിയിൽ നിന്നു വരും എന്നാണ് മുന്നറിയിപ്പ്. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ പ്രോക്സിയായി തമിഴ്നാട് സർക്കാർ പ്രവർത്തിക്കുകയാണെന്നാണ് എഐഎഡിഎംകെ കുറ്റപ്പെടുത്തിയത്. കർണാടകയാണ് പ്രവർത്തന കേന്ദ്രമെങ്കിലും തെലങ്കാനയാണ് വെങ്കട് നാരായണയുടെ ജന്മദേശം. വിജയുമായി അടുപ്പമുള്ളവരുടെ മൂന്നാമത്തെ നിയമനമാണിത്. നേരത്തെ ജ്യോൽസ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നിയമിച്ചത് വിവാദമായതോടെ പിൻവലിച്ചിരുന്നു. വിജയ് യുടെ മാനേജർ ആയിരുന്ന ജഗദീഷ് പളനിസ്വാമിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചിരുന്നു.
