സിഎംആർഎൽ-എക്സാലോജിക് കേസ് മുൻമുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുമോ? മകൾ ടി വീണയ്ക്ക് സിഎംആർഎല്ലിന്‍റെ കരാർ കിട്ടിയത് പിതാവ് പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയായതുകൊണ്ടാണ് എന്നാണ് ഈ നീക്കത്തെ ന്യായീകരിക്കുന്ന ഏക ലോജിക്. ഒറ്റനോട്ടത്തിൽ ശരിയാണ് എന്നു തോന്നാമെങ്കിലും കേസിന്‍റെ മുന്നോട്ടുള്ള പോക്കിന് തെളിവുകൾ വേണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് കരാർ കിട്ടിയത് എന്നു തെളിയിക്കണം. അല്ലെങ്കിൽ ടി വീണയുടെ എക്സാ ലോജിക്കിന് കരാർ നൽകിയ ശേഷം സിഎംആർഎല്ലിന് എന്തൊക്കെ ആനുകൂല്യങ്ങൾ സർക്കാരിൽ നിന്നു ലഭിച്ചു എന്നു തെളിയിക്കാൻ കഴിയണം. ഇതു രണ്ടുമല്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് ഈ കരാർകൊണ്ട് ഉണ്ടായ വ്യക്തിപരമായ നേട്ടം തെളിയിക്കാൻ സാധിക്കണം. കേസിന്‍റെ പിണറായി വിജയനിലേക്കുള്ള പോക്കിന് ഈ മൂന്ന് സാധ്യതകളിലൊന്നിനെങ്കിലും തെളിവ് നിർബന്ധമാണ്.
ഒന്നാം പിണറായി വിജയൻ സർക്കാരിന്‍റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് എന്തൊക്കെ സഹായങ്ങൾ ലഭിച്ചു എന്ന ചോദ്യത്തിനാണ് ഇ ഡി ഉത്തരം കണ്ടെത്തേണ്ടത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് എന്തെല്ലാം തരത്തിലാണ് സിഎംആർഎല്ലിന് അനുകൂലമായി കാര്യങ്ങൾ സംഭവിച്ചത് എന്ന് ബോധ്യപ്പെടുത്തേണ്ടി വരും. അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെങ്കിൽ പോലും ഇത്തരത്തിലുള്ള തെളിവുകൾ നിർബന്ധമാണ്. അത്തരം സാഹചര്യങ്ങൾ ഇല്ലെങ്കിൽ കോടതിയിൽ നിന്ന് അന്വേഷണത്തിന് സ്റ്റേ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. സ്വർണക്കടത്ത് പോലുള്ള ആരോപണങ്ങളിൽ നിന്ന് ഈ കേസിനെ വ്യത്യസ്തമാക്കുന്നത് ഇവിടെ രേഖാമൂലം ഇടപാട് നടന്നിരിക്കുന്നു എന്നതാണ്.
നികുതി അടച്ച് പൂർത്തിയാക്കിയ ഇടപാടാണ് അഴിമതിപ്പണമാണെന്ന് ഇഡി ആരോപിക്കുന്നത്. അത്തരമൊരു സാഹചര്യം രാജ്യത്തു തന്നെ ആദ്യമാണ്. നികുതിവിധേയമായി കൈക്കൂലി വാങ്ങി എന്ന കേസ് മറ്റൊരുരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഈ കേസ് കോടതിയിൽ നിലനിൽക്കാനും പിണറായി വിജയന് എതിരായ തെളിവുകൾ നിർബന്ധമാണ്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇടപെട്ടു എന്നു തെളിയിക്കാൻ സാധിച്ചാൽ അല്ലാതെ ടി വീണയ്ക്ക് എതിരായ കേസിന് നിലനിൽപ്പില്ല. അല്ലെങ്കിൽ രണ്ടു കമ്പനികൾ തമ്മിൽ നിയമപരമായി നടത്തിയ ഇടപാടായി കോടതികളിൽ ഈ കേസ് പരാജയപ്പെടും. അതൊഴിവാക്കാനുള്ള ഏക മാർഗമാണ് മുഖ്യമന്ത്രി പിണറായി വിജയന് കേസിൽ പങ്കുണ്ട് എന്നു തെളിയിക്കുക എന്നത്.പിണറായി വിജയനിലേയ്ക്ക് കേസ് എത്തിക്കാനുള്ള നീക്കം എന്നതിനപ്പുറം കേസിന്‍റെ നിലനിൽപ്പിനു തന്നെ ഇത്തരമൊരു നീക്കം അനിവാര്യമാണ്. അതുകൊണ്ടാണ് ആ വഴിക്കു നീങ്ങാൻ ഇ ഡി നിർബന്ധിതരാകുന്നത്. ടി വീണയ്ക്കെതിരെ നടത്തിയ നീക്കങ്ങളെയൊക്കെ സാധൂകരിക്കാനും ഇത്തരമൊരു നടപടി അനിവാര്യമാണ്. ഇന്നല്ലെങ്കിൽ നാളെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യുക എന്നത് അതുകൊണ്ടു തന്നെ കേസിലെ അനിവാര്യതയാണ്.
ടി വീണയുടെ സ്ഥാപനത്തിന് സിഎംആർഎല്ലിൽ നിന്ന് 50 ലക്ഷം രൂപ വായ്പ ലഭിക്കുമ്പോൾ പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയല്ല. തെരഞ്ഞെടുപ്പ് നയിച്ച് മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള ഒരാൾ മാത്രമാണ്. ആ കാലത്താണ് എക്സാലോജിക്കിന് സിഎംആർഎൽ കരാർ നൽകി തുടങ്ങിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ അതു ശക്തമായി തുടരുകയും ചെയ്തു. ഇവിടെ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്‍റെ ഇടപെടൽ സാധൂകരിക്കുന്ന തെളിവ് കണ്ടെത്തണം. സിഎംആർഎല്ലിന് ഏതൊക്കെ വിധത്തിൽ സർക്കാരിൽ നിന്ന് ഇളവുകൾ ലഭിച്ചു എന്നു കണ്ടെത്തേണ്ടത് നിർബന്ധമാണ്.കേസ് ഇഡി ഉദ്ദേശിക്കുന്നതുപോലെ മുന്നോട്ടു നീങ്ങിയാൽ പിണറായി വിജയനിലേക്ക് എത്തുന്ന രണ്ടാമത്തെ അഴിമതി കേസായി മാറും. രണ്ടരപതിറ്റാണ്ട് മുഴുവൻ കേരളം ചർച്ചചെയ്ത എസ്എൻസി ലാവ്ലിൻ കേസിൽ പിണറായി വിജയൻ ഇപ്പോൾ പ്രതിയല്ല. കുറ്റവിമുക്തനാക്കപ്പെട്ടയാളാണ്. സുപ്രീംകോടിതിയിൽ സിബിഐ നൽകിയ അപ്പീലിൽ ഇനിയും തീരുമാനം എടുത്തിട്ടുമില്ല. നാൽപതിലേറെ തവണ ആ കേസ് മാറ്റിവയ്ക്കുകയും ചെയ്തു.
എസ്എൻസി ലാവ്ലിൻ കേസ് ഉയർന്നുവന്നതുപോലൊരു സാഹചര്യമല്ല ഇപ്പോഴുള്ളത്. അന്ന് പാർട്ടിയിൽ നിന്നു തന്നെ ശക്തമായ ഇടപെടലുമായി വി എസ് അച്യുതാനന്ദൻ മുന്നിലുണ്ടായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ആ കേസ് മുൻപോട്ടു കൊണ്ടുപോയതിൽ അച്യുതാനന്ദന് പങ്കും ഉണ്ടായിരുന്നു. കോടതികൾ പക്ഷേ, പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയാണ് ചെയ്തത്. എസ്എൻസി ലാവ്ലിൻ കേസിൽ ഉള്ളത്ര തെളിവുകൾ പോലും നിലവിൽ സിഎംആർഎൽ കേസിൽ ഇഡിയുടെ പക്കലില്ല. ലാവ്ലിൻ കേസിൽ സംസ്ഥാനത്തിന് കോടികളുടെ നഷ്ടം വന്നുവെന്ന സിഎജി റിപ്പോർട്ട് ഉണ്ടായിരുന്നു. ആ റിപ്പോർട്ട് ഉയർത്തിക്കാണിച്ചാണ് ഇവിടെ സിബിഐ അന്വേഷണമൊക്കെ നടന്നത്. എക്സാലോജിക് കേസിൽ മുഖ്യമന്ത്രി എന്ന നിലയിലുള്ള ഇടപെടൽ എന്താണെന്ന് തെളിയിക്കപ്പെടുക തന്നെ വേണം. അത്തരമൊരു സാഹചര്യം ഉണ്ടാകാത്തിടത്തോളം കേസ് ഇതുവരെ നടന്നതുപോലുള്ള ബഹളങ്ങളിൽ മുങ്ങിത്താഴാനാണ് സാധ്യത.
