ഭാര്യയെ മർദിച്ചെന്ന പരാതിയിൽ ബിജെപി തൃശൂർ സൌത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തു. മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നാണ് ഭാര്യയെ മർദിച്ചത്. തന്നെ ശ്രീകുമാർ പലതവണ മർദിച്ചുവെന്ന് ഭാര്യ പ്രിയങ്ക ബിഗ് ടിവിയോട് വെളിപ്പെടുത്തി. ക്രൂരമർദനം നേരിട്ട താൻ പരാതി അറിയിച്ചിട്ടും മന്ത്രി ഒ ജെ ജനീഷ് സഹായിച്ചില്ലെന്നും പ്രിയങ്ക ആരോപിക്കുന്നുണ്ട്. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ശ്രീകുമാറിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.
ചൊവ്വാഴ്ച വൈകിട്ട് സഹോദരനൊപ്പം വീട്ടിലെത്തിയപ്പോഴായിരുന്നു വൈകി എത്തിയെന്ന് ആരോപിച്ച് ശ്രീകുമാർ ക്രൂരമായി മർദിച്ചത്. പിന്നാലെ ഭാര്യ പ്രിയങ്ക ചികിത്സ തേടുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ചികിത്സ നൽകാതെ മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു എന്നും പ്രിയങ്ക ആരോപിക്കുന്നു.
പിന്നീട് പരാതിയിൽ ഉറച്ചുനിന്നതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്. സഹായം അഭ്യർത്ഥിച്ച് മന്ത്രി ഒ ജെ ജനീഷിനെ ബന്ധപ്പെട്ടെങ്കിലും സഹായിച്ചില്ലെന്നും പരാതിയുണ്ട്. പോലീസ് കേസെടുത്തിട്ടും ശ്രീകുമാറിനെതിരെ നടപടിയെടുക്കാൻ ഇതുവരെയും ബിജെപി നേതൃത്വം തയ്യാറായിട്ടില്ല.
