ഒമാൻ തീരത്തുവെച്ച് യുഎസ് സേന നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചെന്ന് സ്ഥിരീകരിച്ചു. ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് മരണം സ്ഥിരീകരിച്ചത്. മൂന്ന് നാവികരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു എന്ന് മന്ത്രി എക്സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
പലാവു പതാകയേന്തിയ സെറ്റബെല്ലോ എന്ന എണ്ണക്കപ്പലിൽ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 24 പേർ ഇന്ത്യക്കാരായിരുന്നു. 21 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ ജീവനക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണെന്നും, ഭൌതിക ശരീരങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എണ്ണക്കപ്പലിന് നേരെയുണ്ടായ യു.എസ് സെൻട്രൽ കമാൻഡിന്റെ ആക്രമണത്തിലാണ് ജീവനക്കാർ കൊല്ലപ്പെട്ടത്. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് കപ്പലിനെ ആക്രമിച്ചത് എന്നാണ് യുഎസിന്റെ വിശദീകരണം. മിസൈലേറ്റ കപ്പലിന്റെ വിഡിയോയും യു.എസ് പുറത്തുവിട്ടിരുന്നു.
