ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നദിയിൽ കുളിക്കുന്നതിനിടെ ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. അമൻ (20), കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. ഗോരഖ്പൂരിലെ കാംപിയർഗഞ്ച് പ്രദേശത്തെ രപ്തി നദിയിലാണ് അപകടമുണ്ടായത്.
സുഹൃത്തുക്കളായ നാലംഗ സംഘം നദിയിൽ കുളിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുള്ള റീൽസ് ചിത്രീകരിക്കാനുമാണ് ഇവിടെയെത്തിയത്. ഇതിനിടെ അമനും കൃഷ്ണയും നദിയുടെ ആഴമേറിയ ഭാഗത്തേക്ക് പോവുകയും ശക്തമായ ഒഴുക്കിൽപ്പെടുകയുമായിരുന്നു. ഇവർ മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കൾ ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ മണിക്കൂറുകൾക്ക് ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സോഷ്യൽ മീഡിയയിൽ ലൈക്കുകളും കാഴ്‌ചക്കാരെയും കൂട്ടാൻ വേണ്ടിയുള്ള ഇത്തരം അപകടകരമായ ശ്രമങ്ങൾക്കെതിരെ പൊലീസ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
