ഹോർമുസിലെ കപ്പൽ യുദ്ധം ഏറെ ഗുരുതരമായി ബാധിക്കുന്നത് ആഗോള ചരക്കുനീക്കത്തെയാണ്. ഇന്നലെ മൂന്നു കപ്പലുകൾ ഇറാൻ പിടിച്ചെടുത്തതോടെ ഇന്ന് ഹോർമുസ് വഴി സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇറാന് ഇന്ന് ആദ്യമായി ഹോർമുസിൽ നിന്ന് ടോൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്. ലഭിച്ച പണം കേന്ദ്ര ട്രഷറിയിൽ നിക്ഷേപിച്ചു എന്ന വാർത്താക്കുറിപ്പല്ലാതെ എത്ര തുകയാണ് പിരിച്ചതെന്നോ ആരാണ് നൽകിയതെന്നോ പറയുന്നില്ല. ഇപ്പോഴത്തെ നീക്കങ്ങൾ എണ്ണവിലയിലാണ് ആദ്യം പ്രതിഫലിച്ചത്. 90 ഡോളറിൽ നിന്ന് വില വീണ്ടും 105 ഡോളറിലേക്ക് ഉയർന്നു. ആഗോള വില ഉയർന്നാലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉടൻ വർധിപ്പിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
മൂന്ന് കപ്പലുകളെയാണ് ഇറാൻ ഇന്നലെ ആക്രമിച്ചത്. ലൈബീരിയയുടെ പതാക പേറിയ എപ്പാമിനോഡസ്, പനമയുടെ പതാക പേറുന്ന ഫ്രാൻസെസ്ക, ഗ്രീക്ക് പതാക പേറുന്ന യൂഫോറിയ. ഇതിൽ ലൈബീരിയയുടെ പതാക പേറുന്ന എപ്പാമിനോഡസ് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു. ദുബായിയിൽ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കായിരുന്നു യാത്ര. ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുമ്പോഴാണ് മൂന്ന് കപ്പലുകളും ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഇന്ത്യയിലേക്കുള്ള എണ്ണയുമായി വന്ന കപ്പലിന് നേരെ റവല്യൂഷണി ഗാർഡ്സ് വെടിവച്ചിരുന്നു. പിന്നാലെ ഇറാന്റെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ആശങ്ക അറിയിക്കുകയും ചെയ്തു. യുദ്ധകാലത്ത് ഇന്ത്യയിലേക്കുള്ള ഒരു കപ്പൽ പോലും ഹോർമുസിൽ തടഞ്ഞിരുന്നില്ല. മാത്രമല്ല, ഇറാൻ പ്രത്യേക സുരക്ഷ നൽകി കടത്തിവിടുകയും ചെയ്തിരുന്നു.
ഹോർമുസിലും ഇറാൻ തീരങ്ങളിലും പുതിയ സംഘർഷാവസ്ഥ ഉടലെടുക്കുമ്പോൾ സമാധാന ചർച്ചകൾ അനിശ്ചിതമായി നീളുകയാണ്. തുറമുഖങ്ങളിൽ അമേരിക്ക തുടരുന്ന ഉപരോധം അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്നാണ് ഇറാന്റെ പ്രഖ്യാപനം. പാകിസ്താന്റെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചകളിൽ ആണവ പരിപാടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരുരാജ്യങ്ങൾക്കും ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ ഇറാന്റെ നേതൃത്വത്തെക്കുറിച്ച് അമേരിക്ക മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളും ആ രാജ്യം തള്ളുന്നു. പരമോന്നത നേതാവ് മുജ്തബ ഖമനെയി, പ്രസിഡന്റ് മൌസൂദ് പെസഷ്കിയാൻ, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫ് തുടങ്ങിയവരിൽ ആരാണ് ഇനി ഇറാനെ നയിക്കുക എന്ന കാര്യത്തിൽ അമേരിക്കയുടെ നിലപാടും ഇറാൻ ചോദ്യം ചെയ്യുന്നു.
