കോട്ടയം പാലാ ബ്രില്ല്യന്റ് അക്കാദമിയിലെ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കാഞ്ഞങ്ങാട് സ്വദേശി ഐജ മഹേഷ് ജീവനൊടുക്കിയത് സ്ഥാപനത്തിൽ നിന്നുള്ള സമ്മർദം മൂലമെന്നാണ് പരാതി. മരണ വിവരം മാതാപിതാക്കളെ അറിയിക്കുന്നതിൽ കാലതാമസമുണ്ടായെന്നും ആക്ഷേപമുണ്ട്.
നീറ്റ് കോച്ചിംഗിനെത്തിയ ഐജയെന്ന പത്തൊമ്പതുകാരി ഈ മാസം മൂന്നാം തീയതിയാണ് ആത്മഹത്യ ചെയ്തത്. സ്ഥാപനത്തിൽ പഠിക്കാനാവില്ലെന്ന് മാതാപിതാക്കളെ അറിയിച്ച് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. വിദ്യാർഥിയുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
അക്കാദമിയിൽ നിന്ന് ഐജ കടുത്ത മാനസിക സമ്മർദമാണ് നേരിട്ടത്. വിശ്രമമില്ലാത്ത പാഠ്യരീതിയായിരുന്നു. മരണവിവരം മാതാപിതാക്കളെ രണ്ട് മണിക്കൂർ കഴിഞ്ഞാണ് അറിയിച്ചത്. ബന്ധുക്കൾ എത്തുന്നതിന് മുമ്പ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രാവിലെ പാലായിലെത്തിയ മാതാപിതാക്കൾ കോളജിലും ഹോസ്റ്റലിലും ചെന്നിരുന്നു. തൂങ്ങി മരിച്ച ഹോസ്റ്റൽ മുറി പോലും കാണിച്ചില്ല എന്നും പരാതിയുണ്ട്.
ആത്മഹത്യക്ക് പിന്നാലെ കിടങ്ങൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
