കൊച്ചി കേന്ദ്രീകരിച്ചുള്ള അവയവക്കടത്ത് കേസിൽ ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിയോട് വിവരങ്ങൾ തേടി പൊലീസ്. 28 അവയവമാറ്റങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങാളാണ് എസ്ഐടി തേടിയത്. ഈ അവയവമാറ്റങ്ങളിലൂടെ കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
അവയവക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യപ്രതി നജീബിൽ നിന്ന് കണ്ടെത്തിയ രേഖകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. രേഖകൾ പ്രകാരം കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ 28 അവയവമാറ്റ ശാസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിയോട് എസ്ഐടി തേടിയിരിക്കുന്നത്. എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അധ്യക്ഷനായ കമ്മിറ്റിയിൽ നിന്ന് ഇതിനോടകം ഏഴ് പേരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ബാക്കിയുള്ള വിവരങ്ങൾ കൂടി ലഭിച്ച ശേഷം വിശദമായ അന്വേഷണത്തിലേക്ക് എസ്ഐടി കടക്കും.
അവയവദാതാക്കളുടെയും രോഗികളുടെയും കൃത്യമായ വിവരങ്ങൾ കമ്മിറ്റിയിൽ നിന്ന് ലഭിച്ച ശേഷം അവയവക്കച്ചവടത്തിന് ഇരയായവരെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് വിവരം. രേഖകൾ ലഭിച്ച ശേഷം മുഖ്യപ്രതി നജീബിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.
