ഡെൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ദേവോസ്മിത പോളിനെ (49) ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. വാടകക്കാരായ ദമ്പതികൾ പശ്ചിമ ബംഗാളിലാണ് അറസ്റ്റിലായത്. രാംപ്രസാദ് ദാസ് (42), ഭാര്യ ബനശ്രീ ദാസ് (36) എന്നിവരെ ബർദ്ധമാനിൽ നിന്നാണ് ഡെൽഹി പൊലീസ് പിടികൂടിയത്. പാരമ്പര്യമായി ലഭിച്ച സ്വത്തിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കിഴക്കൻ ഡെൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്‌മെന്റിലെ ഫ്ലാറ്റിൽ ജൂൺ 4നാണ് ശിവാജി കോളജ് അധ്യാപികയായ ദേവോസ്മിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെ ബർദ്ധമാനിലുള്ള വീട് ദേവോസ്മിതയ്ക്കായി ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടതാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഈ വീട് തങ്ങൾക്ക് വിൽക്കണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ദേവോസ്മിത ഇത് നിരസിച്ചിരുന്നു. തുടർന്ന് പ്രായപൂർത്തിയാകാത്ത മകനെയും കൂട്ടി ജൂൺ 3ന് ഡെൽഹിയിലെത്തിയ പ്രതികൾ, വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഗസ്റ്റ് ഹൗസിൽ മുറിയെടുത്തു. പിന്നീട് ദേവോസ്മിതയുടെ ഫ്ലാറ്റിലെത്തി വീണ്ടും സ്വത്ത് ആവശ്യപ്പെടുകയും, വഴങ്ങാതിരുന്നതോടെ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടി പ്രതികൾ കടന്നുകളഞ്ഞു.
ദേവോസ്മിതയെ ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സഹോദരിയാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിൽ മറ്റ് ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ പരിചയക്കാരാണ് പിന്നിലെന്ന് പൊലീസ് ആദ്യമേ സംശയിച്ചിരുന്നു. തുടർന്ന് പരിസരത്തെ ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികൾ മുഖംമൂടി ധരിച്ച് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
റെയിൽവേ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ പൂർവ എക്സ്പ്രസ് വഴി ബംഗാളിലേക്ക് കടന്നതായി കണ്ടെത്തി. തുടർന്ന് ബംഗാളിലെത്തിയ ഡെൽഹി പൊലീസ് സംഘം ഒളിത്താവളത്തിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബിൻഎസ് പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പ്രതികളിൽ നിന്ന് അധ്യാപികയുടെ മൊബൈൽ ഫോണും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു.
