ഡോ.ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ച് മുൻ തസ്തികയിൽ തിരികെ പ്രവേശിപ്പിച്ച് സര്‍ക്കാർ ഉത്തരവായി. ഇരുവർക്കും പഴയ വകുപ്പുകളിൻ തന്നെയാണ് നിയമനം എന്നതാണ് ശ്രദ്ധേയം. ഐഎഎസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയിൽ തീരുമാനമെടുക്കാൻ സിവിൽ സർവീസ് ബോർഡ് യോഗം നാളെ ചേരും. ഐഎഎസിനോപ്പം ഐപിഎസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയും നാളെ ഉണ്ടാകുമെന്നാണ് സൂചന.
ബി അശോക് സൈനികക്ഷേമ സ്പെഷ്യൽ സെക്രട്ടറിയായിരിക്കെ ഒന്നര മാസം മുമ്പും, എൻ പ്രശാന്ത് കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ആയിരിക്കെ 2024 നവംബർ 11നുമാണ് സസ്പെന്‍ഷനിലായത്. പിണറായി സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പ്രതികരിച്ചു എന്നതായിരുന്നു കുറ്റം. വി ഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടൻ ഇരുവരും മുഖ്യമന്ത്രിയെ വന്ന് കണ്ടിരുന്നു. തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങിയത്. ഇരുവർക്കും പഴയ വകുപ്പുകളിൻ തന്നെയാണ് നിയമനം.
അതേസമയം, സമഗ്ര അഴിച്ചുപണി വരുമ്പോൾ ഇരുവരും സുപ്രധാന തസ്തികയിലെത്തുമെന്നാണ് സുചന. അഴിച്ചുപണിക്ക് മുന്നോടിയായി നാളെ രാവിലെ പത്തരയ്ക്ക് സിവിൽ സർവീസ് ബോർഡ് യോഗം ചേരും. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതു ഭരണ വകുപ്പ് സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുക്കും. രണ്ട് വർഷം തികയും മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ളവരെ സ്ഥലം മാറ്റണമെങ്കിൽ ബോർഡിന്റെ അനുമതി വേണം. ഡോ.ബി അശോക്, എൻ പ്രശാന്ത് ഉൾപ്പെടെയുള്ളവരുടെ പുതിയ പോസ്റ്റിംഗ് ബോർഡിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഐപിഎസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇതും ഉണ്ടാകുമെന്നാണ് സൂചന
