കോട്ടയത്ത് വീസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ഏജന്റ് ഒളിവില്‍ പോയതിന് പിന്നാലെ ട്രാവല്‍ ഏജന്‍സി പൊലീസ് അടച്ചുപൂട്ടി. കൂട്ടിക്കല്‍ എസ്ബിഐ ജങ്ഷനിലെ ഓര്‍ക്കിഡ് കണ്‍സള്‍ട്ടന്‍സിയാണ് പൊലീസ് അടപ്പിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വീസ നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വാങ്ങിയായിരുന്നു ഏജൻസിയുടെ തട്ടിപ്പ്.
കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മര്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഏറെ നാളായി വിവിധ പേരുകളിൽ പ്രവര്‍ത്തിച്ചുവരികയായിരുന്നു ട്രാവല്‍ ഏജന്‍സി. വിദേശ വീസയുടെ പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങി മുങ്ങി. കടം വാങ്ങി പണമടച്ച് വിദേശ ജോലിക്കായി കാത്തിരുന്ന നിരവധി പേരാണ് ഇതോടെ പെരുവഴിയിലായത്.
ആറ് മാസത്തെ കാലാവധി പറഞ്ഞായിരുന്നു ട്രാവൽ ഏജന്റ് പണം വാങ്ങിയത്. കാലാവധി കഴിഞ്ഞിട്ടും വീസയും പണവും ഇല്ലാതെ വന്നതോടെ ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിൽ പോയ ഏജന്റിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതി സംസ്ഥാനം വിട്ട് പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. സംസ്ഥാനത്ത് പലയിടങ്ങളിലായി കൂടുതൽ പേർ ചതിക്കിരയായെന്നും പൊലീസ് കരുതുന്നുണ്ട്
ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തുള്ള ആൾ ആയതിനാലാണ് പ്രതിയെ നാട്ടുകാർ വിശ്വസിച്ചത്. പക്ഷേ, ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. പ്രതിയെ ഉടൻ കണ്ടെത്തി തങ്ങളുടെ പണം ലഭ്യമാക്കണമെന്നാണ് ഇരകളുടെ ആവശ്യം.
