കൊച്ചിയിൽ നടന്ന ഓപ്പറേഷൻ തൂഫാനിൽ വൻ എംഡിഎംഎ വേട്ട. ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 435 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായി. കളമശേരി സ്വദേശി ആഷിഫ്, പാലക്കാട് സ്വദേശി അർജുൻ, കാസർഗോഡ് സ്വദേശി രതീഷ് എന്നിവരാണ് തൃക്കാക്കരയിലെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റിലായത്. വാഹന വ്യാപാരത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന ലഹരി കടത്ത് ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നത്.
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലഹരിമാഫിയയുടെ പ്രധാന കണ്ണിയാണ് ആഷിഫ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊല്ലംകുടിമുകളിലെ അൾട്ടിമ എയ്റോസ്കൈ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. വിതരണം നടത്തുന്നതിനായി തയ്യാറാക്കിയ നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച ഡൽഹിയിൽ നിന്നെത്തിച്ച വലിയ ശേഖരത്തിന്റെ ഒരു ഭാഗമാണ് പരിശോധനയിൽ പിടികൂടിയത്.അർജുൻ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ നാല് ഗ്രാം എംഡിഎംഎയും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവർ ലഹരിമരുന്ന് വീതംവെച്ച് വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
പ്രാഥമിക അന്വേഷണത്തിൽ, ആഷിഫ് കഴിഞ്ഞ ഒരു വർഷത്തിലേറെയായി വാഹനക്കച്ചവടത്തിന്റെ മറവിൽ ലഹരിമരുന്ന് കടത്തൽ നടത്തിവരികയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡൽഹി, ബെംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ ലക്ഷങ്ങൾ നൽകി വാങ്ങി കേരളത്തിലേക്ക് എത്തിച്ചിരുന്നതായി അന്വേഷണ സംഘം പറയുന്നു. മൂന്ന് മാസം മുൻപ് ഡൽഹിയിൽ പോയ ആഷിഫ് അവിടെ നിന്ന് സെക്കൻഡ് ഹാൻഡ് ആഡംബര കാറുകൾ വാങ്ങി കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്നതായിരുന്നു രീതി.ലഹരിമരുന്ന് കടത്തുന്നതിനായി ആഡംബര വാഹനങ്ങളിൽ രഹസ്യ കമ്പാർട്ട്മെന്റുകൾ സജ്ജീകരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ നിന്നെത്തിച്ച ഔഡി കാറിലാണ് കൊച്ചിയിലെത്തിയത്. ഇതേ വാഹനത്തിൽ ഒളിപ്പിച്ച ലഹരിമരുന്നിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.
പതിവായി ആഷിഫിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരാണ് അർജുൻ, രതീഷ് എന്നിവർ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവരിലൂടെ വ്യാപിച്ചിരിക്കുന്ന വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കുള്ള ഇടപാടുകളും പൊലീസ് പരിശോധിച്ചുവരുന്നു.പിടിച്ചെടുത്ത എംഡിഎംഎയുടെ മൊത്തം അളവിന്റെ നാലിരട്ടി വരെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് എത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ വിതരണ ശൃംഖലയും മറ്റ് ഇടപാടുകാരെയും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
