തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. പ്രധാന മുറിവിലല്ല, കമ്പി ഇടാൻ വേണ്ടി ഉണ്ടാക്കിയ മുറിവിലാണ് പുഴുവരിച്ചതെന്നും സമിതി കണ്ടെത്തി. വിദഗ്ധസമിതി എം ഇ ക്ക് കൈമാറുന്ന റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കിട്ടിയാൽ നടപടിയിലേക്ക് നീങ്ങും
തിങ്കളാഴ്ച രാത്രിയാണ് കൊല്ലം സ്വദേശി രാജേന്ദ്രപ്രസാദിന്റെ ശസ്ത്രക്രിയ നടത്തിയ കാലിൽ പുഴുവിനെ കണ്ടെത്തിയത്. ഐസിയുവിൽ ചികിത്സയിലായിരുന്ന രാജേന്ദ്രപ്രസാദിനെ വാർഡിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ബന്ധുക്കൾ പുഴുവിനെ കണ്ടെത്തിയത്. ഐസിയുവിലെ പരിചരണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. വാക്വം ഡ്രസിംഗ് ചെയ്ത് നാല് ദിവസം കഴിഞ്ഞ് മാത്രമേ ആ മുറിവ് വീണ്ടും ഡ്രസ് ചെയ്യാറുള്ളൂ. എന്നാൽ രാജേന്ദ്രപ്രസാദിന്റെ കാലിൽ വാക്വം ഡ്രസിംഗ് ചെയ്ത മുറിവിൽ അല്ല, കമ്പി ഇടുന്നതിനായി ഉണ്ടാക്കിയ ചെറിയ മുറിവിലാണ് പുഴുവരിച്ചത്. ഈ ഭാഗം കൃത്യമായി നോക്കേണ്ടതായിരുന്നുവെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിലുണ്ട്. രോഗീ പരിചരണത്തിൽ വീഴ്ച സംഭവിച്ചു എന്നും റിപ്പോർട്ട് പറയുന്നു. പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാരെ വിവരമറിയിച്ചപ്പോൾ ബന്ധുക്കളോട് മോശമായി പെരുമാറിയ രീതി അംഗീകരിക്കാനാകില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
അതേസമയം, വലിയ മുറിവ് ഉണങ്ങി തുടങ്ങിയിട്ടുണ്ട്. അതിനായി ചെയ്ത ചികിത്സ കൃത്യമായിരുന്നു എന്നും റിപ്പോർട്ട് പറയുന്നു. ഐസിയുവിലെ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടണം എന്നുള്ള നിർദേശവും റിപ്പോർട്ടിലുണ്ട്. വീഴ്ചയും ജാഗ്രതക്കുറവും ഉണ്ടായവർക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നുള്ള തീരുമാനം ആരോഗ്യമന്ത്രിയുടേതാണ്.
