നടൻ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി നടി അൻസിബ ഹസൻ. ടിനി ടോം തുടർച്ചയായി സൈബർ ആക്രമണം നടത്തുന്നുവെന്നും തനിക്കെതിരെ വർഗീയ പരാമർശം നടത്തി കുടുംബത്തെ ഉൾപ്പെടെ വേട്ടയാടുകയാണ് എന്നുമാണ് പരാതി. ഇൻഫോപാർക്ക് പൊലീസിലാണ് അൻസിബ പരാതി നൽകിയത്. അതിനിടെ അമ്മയിലെ വിവാദങ്ങളിൽ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി രംഗത്തെത്തി.
തുടർച്ചയായി തനിക്കെതിരെ ടിനി ടോം സൈബർ അധിക്ഷേപം നടത്തുന്നു എന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും വർഗീയ പരാമർശങ്ങൾ നടത്തി തന്റെ കുടുംബത്തെയും വേട്ടയാടുന്നു എന്നുമാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. സംഘടനയിൽ താൻ ഉന്നയിച്ച അഭിപ്രായം ടിനി ടോമിന് അംഗീകരിക്കാൻ സാധിച്ചിരുന്നില്ലെന്ന് പറഞ്ഞ അൻസിബ ടിനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.ടിനി ടോമിന് പുറമേ, ലക്ഷ്മിപ്രിയയ്‌ക്കെതിരേയും അൻസിബ നേരത്തെ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കാണ് അൻസിബ പരാതി നൽകിയത്.
അതേസമയം, സംഘടനയ്ക്കുള്ളിൽ പരിഹരിക്കേണ്ട വിഷയങ്ങൾ പരസ്യമായ വിഴുപ്പലക്കലിലേക്ക് പോയതിൽ കടുത്ത അതൃപ്‌തിയിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. അമ്മ സംഘടനയുടെ രഹസ്യ സ്വഭാവമുള്ള കരാർ രേഖകളും, സിസിടിവി ദൃശ്യങ്ങളും ചോർത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ അച്ചടക്ക നടപടി വേണമെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. അൻസിബ ഹസൻ സംഘടനയ്ക്കുള്ളിൽ പറയാതെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത് ശരിയായില്ല എന്നും മുതിർന്ന എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് അഭിപ്രായമുണ്ട്. നാളെ ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വിഷയം ചർച്ചയാകും
