നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിലെ പ്രതികൾ ഒളിവിൽ പോയതായി പ്രത്യേക അന്വേഷണസംഘം. പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. സംസ്ഥാനത്തിനകത്തും പുറത്തും പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാണെന്നും എസ്ഐടി വ്യക്തമാക്കി.
പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എസ്ഐടി കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അഞ്ച് പ്രതികളും മുങ്ങിയത്. നിലവിൽ പ്രതികൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം തുടരുകയാണ്.
കേസിലെ അഞ്ച് പ്രതികളും ആലപ്പുഴ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. ഇതിനിടെയാണ് അറസ്റ്റ് ഭയന്ന് പ്രതികൾ ഒളിവിൽ പോയത്. വിചാരണക്കോടതിയിൽ നിന്ന് ജാമ്യം നേടാൻ പ്രതികൾ ശ്രമിക്കുന്നതിനിടെ ആയിരുന്നു എസ്ഐടി സംഘം ജാമ്യമില്ലാ വകുപ്പ് ചേർത്ത് കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. പ്രതികൾക്കായുള്ള അന്വേഷണ വിവരങ്ങൾ പൊലീസിൽ നിന്ന് തന്നെ ചോരുന്നുണ്ടോ എന്ന സംശയവും പ്രത്യേക അന്വേഷണസംഘത്തിനുണ്ട്.
