പിണറായി വിജയന്റെ ഇടപെടലിന് പിന്നാലെ ബിനീഷ് കോടിയേരിക്ക് സിപിഐഎം അംഗത്വം പുതുക്കി നൽകി. നാല് തവണ അപേക്ഷ നിരസിച്ച ശേഷമാണ് ബിനീഷിനെ വീണ്ടും പാർട്ടിയിൽ ഉൾപ്പെടുത്തിയത്. മൂന്ന് വർഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ പാർട്ടിയിലേക്കുള്ള മടങ്ങിവരവ്.
2021 ല്‍ ലഹരി കേസിൽ അറസ്റ്റ് ആയതോടെയാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കിയത്. 2023 ൽ ബിനീഷ് കേസിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനായി. പിന്നീട് നാലു തവണ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അപേക്ഷ നൽകിയിട്ടും അംഗത്വം പുതുക്കിയിരുന്നില്ല. എസ്എഫ്‌ഐ അംഗമായിരിക്കേയാണ് ബിനീഷിന് സിപിഎം അംഗത്വം ലഭിക്കുന്നത്. എകെജി സെന്ററിലാണ് അംഗത്വമുണ്ടായിരുന്നത്.അംഗത്വം പുതുക്കി നൽകാത്തതിൽ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ ഉൾപ്പെടെ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ജില്ലാ കമ്മിറ്റി അംഗത്വം പുതുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന കമ്മിറ്റിയായിരുന്നു എതിർത്തത്. ഇത് വിവാദമായതോടെയാണ് പിണറായി വിജയൻറെ ഇടപെടൽ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ബിനീഷിനെ ഉൾപ്പെടുത്തിയത്. കഴിഞ്ഞദിവസം പിണറായി വിജയൻ്റെ വീടുകളിൽ ഉണ്ടായ ഇ.ഡി റെയ്ഡിൽ തിരുവനന്തപുരത്ത് പ്രതിഷേധിക്കാൻ ബിനീഷ് കോടിയേരി മുന്നിലുണ്ടായിരുന്നു. ഇ.ഡി റെയ്ഡിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തോടും പിണറായി വിജയൻറെ കുടുംബത്തോടും പാർട്ടി രണ്ടു നീതി കാണിക്കുന്നു എന്ന വിമർശനം ശക്തമായിരുന്നു. ഇതിനിടയിലാണ് പിണറായി വിജയൻ ഇടപെട്ട് ബിനീഷിനെ പാർട്ടിയിൽ തിരികെ എത്തിച്ചത്.
