സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലടക്കം ജാഗ്രത പാലിക്കണം. തീരദേശ മേഖലകളിലും ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലും തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലും പുതിയ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ തുടരാൻ കാരണം. അതേസമയം തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ ആദ്യവാരത്തോടെ കേരളത്തിൽ എത്തിയേക്കും.
അതേസമയം, അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു.1, 4, 5 ഷട്ടറുകൾക്ക് പുറമെ മൂന്നാമത്തെ ഷട്ടർ കൂടി തുറന്നിട്ടുണ്ട്. മൂന്നാമത്തെ ഷട്ടർ പത്ത് സെന്റിമീറ്റർ മാത്രം ഉയർത്തിയാണ് വെള്ളo പുറത്തേക്ക് ഒഴുക്കുന്നത്. 1,4,5ഷട്ടറുകൾ 30 സെന്റീമീറ്റർ ആയിരുന്നത് ഒരു മീറ്റർ ആക്കിയും ആറാം നമ്പർ ഷട്ടർ 50 സെന്റിമീറ്ററും ഉയർത്തി. അതേസമയം,രണ്ടാം നമ്പർ ഷട്ടർ ഇനിയും തുറന്നിട്ടില്ല. 38.36 ഘനയടി വെള്ളമാണ് നിലവിൽ ഡാമിലുള്ളത്. നാളെ അറ്റകുറ്റപ്പണിയുടെ സമയത്തേക്ക് 36.9 ഘനയടിയിലേക്ക് ജലനിരപ്പ്കുറയ്ക്കേണ്ടതുണ്ട്. ഇതിനായി ഘട്ടം ഘട്ടമായി 200 CM വരെ ഷട്ടറുകൾ ഉയർത്താനാണ് സാധ്യത.ഡാം തുറക്കുമ്പോൾ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
