ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ പൊലീസിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രശോഭ്.
വിശദമായ വാദം കേട്ടശേഷം കഴിഞ്ഞ ദിവസം ആണ് ഹൈക്കോടതി പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യഹർജി തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ച് കയറിയും പിന്നീട് കാറിൽ വച്ചും പ്രശോഭ് പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി എന്നുമായിരുന്നു യുവതിയുടെ പരാതി. തുടർന്ന് ബലാത്സംഗം, എസ് സി-എസ് ടി പീഡന നിരോധന നിയമം എന്നിവ ചുമത്തി പൊലീസ് കേസെടുത്തു. എന്നാൽ മാർച്ച് 28ന് യുവതി പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭിനെ കണ്ടെത്താൻ രണ്ട് മാസത്തോളം പൊലീസിന് സാധിച്ചിരുന്നില്ല. ഒളിവിൽ തുടരവേ മുൻകൂർ ജാമ്യത്തിനായി മണ്ണാർക്കാട് എസ് സി-എസ് ടി കോടതിയെ പ്രശോഭ് സമീപിച്ചെങ്കിലും അപേക്ഷ തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പ്രശോഭ് സി വത്സൻ കോടതിയിൽ വാദിച്ചത്. എന്നാൽ ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടുങ്ങുകയായിരുന്നു. നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഇരയാന് താൻ എന്ന് പ്രശോഭ് സി വത്സൻ പറഞ്ഞു. ആരോപണം ഉയർന്നതിന് പിന്നാലെ പ്രശോഭിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.
