സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ.ഹാരിസ് ചിറക്കൽ പങ്കുവെച്ച നിർദേശങ്ങൾ സ്വാഗതാർഹമാണെന്നും അത് കൂടി പരിഗണിച്ച് തുടർ തീരുമാനങ്ങൾ എടുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ തസ്തിക വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട് എന്ന് കെ മുരളീധരൻ വ്യക്തമാക്കി. പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുക എന്നത് സർക്കാരിൻ്റെ നയമാണ്. അതിൽ വെള്ളം ചേർക്കില്ല. തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളജും ആരംഭിക്കും. അതോടൊപ്പം നിലവിലുള്ള മെഡിക്കൽ കോളജുകളുടെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
