നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതിയോടെ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. ടിനി ടോമിനെ അനുകൂലിച്ച് രംഗത്തെത്തിയ ലക്ഷ്മിപ്രിയ അൻസിബയുടെ പരാതി വ്യാജമെന്ന് ആരോപിച്ചു. ടിനി ടോമിനെതിരെ പരാതിയുമായി നടി നീന കുറുപ്പും രംഗത്തെത്തിയതോടെ തർക്കം രൂക്ഷമായി.
ടിനി ടോമിനെതിരെ അൻസിബ ഹസൻ നടത്തിയ വെളിപ്പെടുത്തലാണ് താരസംഘടനയായ അമ്മയിലെ ഇപ്പോഴത്തെ പൊട്ടിത്തെറികളുടെ തുടക്കം. തന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ചെന്നും അശ്ലീല കഥകൾ പ്രചരിപ്പിച്ചെന്നുമായിരുന്നു അൻസിബയുടെ ആരോപണം. എന്നാൽ ടിനി ടോമിനെ ന്യായീകരിച്ച് നടി ലക്ഷ്മിപ്രിയ രംഗത്തെത്തി. അൻസിബയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അൻസിബക്കെതിരെ താൻ നൽകിയ പരാതി വ്യാജമല്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും നീന കുറുപ്പുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും, അമ്മ സംഘടനയെ ഇരുവരും അധോലോക സംഘടനയാക്കി മാറ്റിയെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.
അൻസിബയ്ക്ക് പിന്തുണയുമായി ദീദി ദാമോദരൻ രംഗത്തെത്തി. അമ്മയിൽ ജനാധിപത്യം ഇല്ല എന്നതിന്റെ തെളിവാണ് അൻസിബയുടെ രാജിയെന്ന് ദീദി ദാമോദരൻ ബിഗ് ടിവിയോട് പ്രതികരിച്ചു. ടിനി ടോമിനെതിരെ നടി നീന കുറുപ്പും രംഗത്തെത്തി. കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് നീന കുറുപ്പിന്റെ പരാതി. വിഷയത്തിൽ വരാനിരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനം എടുക്കേണ്ടത്. അടുത്ത മാസം 21ന് ജനറൽ ബോഡി യോഗം നടക്കാനിരിക്കെയാണ് ഭരണമാറ്റം ആവശ്യപ്പെട്ട് അംഗങ്ങൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
